ബ്ലാക്ക് മണിയുടെ വിതരണം തടയുന്നതിന് ഗവണ്മെന്റ് പല നടപടികളും സ്വീകരിച്ചു. ബ്ലാക്ക് മണി (അണ്ഡിസ്പോസ്ഡ് ഫോറിൻ ഇൻകം & അസറ്റ്സ്) ആൻഡ് ഇന്പോസിഷൻ ഓഫ് ടാക്സ് ആക്ട്, ഇൻകം ഡിസ്ക്ലോഷർ സ്കീം 2016, നോട്ടുനിരോധനം, പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ് യോജന എന്നിവയും മണി ലോൺഡറിംഗ് ആക്ടിൽ വരുത്തിയ മാറ്റങ്ങളും എല്ലാം ബ്ലാക്ക്മണിയുടെ വിതരണം തടയുന്നതിനെ ഉദ്ദേശിച്ചിട്ടുള്ളതാണ്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു നിയമഭേദഗതി ആണ് ബിനാമി ട്രാൻസാക്ഷൻസ് (പ്രൊഹിബിഷൻ) അമൻഡ്മെന്റ് ആക്ട് 2016. നോട്ടുനിരോധനത്തിന്റെ സമയത്തുതന്നെ ഈ നിയമവും നിലവിൽ വന്നിരുന്നു. ബിനാമി പേരിൽ സ്വത്തുക്കൾ സന്പാദിക്കുന്നത് തടയുക ആണ് ഈ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്.
ബിനാമി എന്ന പദം യഥാർത്ഥത്തിൽ ഒരു പേർഷ്യൻ വാക്കാണ്. "ബി'എന്നാൽ ഇല്ലാത്തത് എന്നും ‘നാമ്’ എന്നാൽ പേരും എന്നത് കൂട്ടിച്ചേർത്ത് ‘ബിനാമി’ എന്നാൽ പേരില്ലാത്തത് എന്നാണ് അർഥമാക്കുന്നത്. ഹിന്ദിയിലും ബിനാമി എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് പേരില്ലാത്തത് എന്നാണ്. ബിനാമി ഇടപാട് എന്നുവച്ചാൽ പ്രതിഫലം കൊടുക്കുന്ന ആളുടെ പേരിലായിരിക്കില്ല സ്വത്തുക്കൾ എഴുതുന്നത്. ഭൂസ്വത്തുക്കൾ ആണെങ്കിൽ ഭൂമിയുടെ വിലകൊടുക്കുന്ന ആളിന്റെ പേരിലായിരിക്കില്ല ആധാരം എഴുതുന്നത്. ഇവിടെ പണം കൊടുക്കുന്ന ആളെ ബെനിഫിഷ്യൽ ഓണർ എന്നും ആധാരം ആരുടെ പേരിലാണോ രജിസ്റ്റർ ചെയ്യുന്നത് ആ വ്യക്തിയെ ബിനാമിഡർ എന്നുമാണ് ആക്ടിൽ നിർവചിച്ചിരിക്കുന്നത്.
മേൽ പറഞ്ഞതിന് ചില ഒഴിവുകളുണ്ട്. എല്ലാ സാഹചര്യങ്ങളിലും ഇത് ബിനാമി ഇടപാട് ആയി പരിഗണിക്കില്ല. ഹിന്ദു അവിഭക്ത കുടുംബം ആണെങ്കിൽ അതിലെ കർത്തായോ ഏതെങ്കിലും അംഗമോ ആയിരിക്കും പണം മുടക്കുന്നത്.
പക്ഷേ, സ്വത്തുക്കൾ മറ്റംഗങ്ങളുടെ പേരിൽ ആയിരിക്കാം എന്നുകരുതി ഇത് ബിനാമി ഇടപാടല്ല. അതുപോലെ തന്നെ ട്രസ്റ്റിന്റെ പേരിലുള്ള സ്വത്തുക്കൾക്ക് പണം മുടക്കുന്നത് (ടസ്റ്റി തന്നെയായിരിക്കും. ഇതും ബിനാമി ഇടപാടല്ല. കൂടാതെ വ്യക്തികൾ ഭാര്യയുടെയോ, ഭർത്താവിന്റെയോ മക്കളുടെയോ പേരിൽ ഭൂസ്വത്തുക്കൾ എഴുതുകയും നിയമാനുസൃതമായ മാർഗ്ഗത്തിലൂടെയുള്ള പണം കൊടുക്കൂകയും ചെയ്യുന്ന ഇടപാടുകൾ ബിനാമി ഇടപാടുകളല്ല.
വ്യക്തികൾ നിയമാനുസൃത മാർഗത്തിലൂടെയുള്ള പണം ഉപയോഗിച്ച് സന്പാദിക്കുന്ന സ്വത്തുക്കൾക്ക് കൂട്ടുടമകളായി സഹോദരങ്ങളെയോ മക്കളെയോ ഉൾപ്പെടുത്തുന്നത് ബിനാമി ഇടപാടുകളായി കണക്കാക്കപ്പെടുകയില്ല.
അതുപോലെ തന്നെയാണ് സ്വത്തുക്കൾ ‘ഇല്ലാത്ത’ പേരുകളിൽ സന്പാദിക്കുന്നത്. അല്ലെങ്കിൽ പ്രോപ്പർട്ടിയുടെ ഉടമസ്ഥൻ (ആരുടെ പേരിലാണോ പ്രോപ്പർട്ടി അദ്ദേഹത്തെ ഉടമസ്ഥൻ എന്നു വിളിക്കുന്നു) അറിഞ്ഞിരിക്കില്ല അദ്ദേഹത്തിന്റെ പേരിൽ സ്വത്തുക്കൾ മറ്റൊരാൾ സന്പാദിച്ചിരിക്കുന്നത്. ഇതെല്ലാം ബിനാമി ഇടപാടുകളാണ്. ഇവിടെ ബിനാമിഡർ അറിഞ്ഞോ അറിയാതെയോ അദ്ദേഹത്തിന്റെ പേരിൽ പ്രോപ്പർട്ടി സന്പാദിക്കുന്നു. പക്ഷേ പണം മുടക്കുന്നില്ലെന്ന് മാത്രം. പ്രസ്തുത പ്രോപർട്ടിയെ ബിനാമി പ്രോപർട്ടി എന്നാണ് വിളിക്കുന്നത്.
ബിനാമി പേരിൽ സന്പാദിച്ചാൽ
1) ബിനാമി പേരിൽ സന്പാദിക്കുന്ന സ്വത്തുക്കൾ, അവ സ്ഥാവര വസ്തു ആയാലും, ജംഗമ വസ്തു ആയാലും ഗവണ്മെന്റിനു കണ്ടുകെട്ടാം.
2) ബിനാമിഡർ പ്രസ്തുത പ്രോപ്പർട്ടി ബെനിഫിഷ്യൽ ഓണർക്ക് (പണം മുടക്കിയ വ്യക്തിക്ക്) തിരികെ എഴുതികൊടുത്താലും ആ ഇടപാട് നിയമാനുസൃതമായിരിക്കില്ല. അത് വോയിഡ് ആയിട്ടുള്ള ട്രാൻസാക്ഷൻ മാത്രമായിരിക്കും. ബിനാമിഡർക്ക് പ്രസ്തുത പ്രോപ്പർട്ടി വില്ക്കുന്നതിനോ/ഇടപാട് നടത്തുന്നതിനോ അധികാരമുണ്ടായിരിക്കില്ല. അധികാരമില്ലാത്ത സ്ഥിതിക്ക് ഇടപാടുകൾ നടത്തിയാൽ അതിനെ അടിസ്ഥാനമായും നിയമസാധുത ഇല്ലാത്ത (വോയ്ഡ്) ഇടപാടായി മാത്രമേ കാണുവാൻ സാധിക്കുകയുള്ളു.
3) ബിനാമി ഇടപാടുകളിൽ ഏർപ്പെടുന്ന വ്യക്തികൾക്ക് ഒരു വർഷം മുതൽ 7 വർഷം വരെയുള്ള കഠിനതടവ് ലഭിക്കാവുന്നതാണ്. കൂടാതെ ഇടപാട് നടത്തിയ ബിനാമി പ്രോപ്പർട്ടിയുടെ മതിപ്പുവിലയുടെ 25% വരെയുള്ള തുക പിഴയായി ഈടാക്കാവുന്നതും ആണ്.
4) ബിനാമി പ്രോപ്പർട്ടിയിൽ പണം മുടക്കിയ ആൾക്ക് പണമോ പ്രോപ്പർട്ടിയോ തിരികെ ലഭിക്കുന്നതിന് നിയമത്തിൽ വിലക്കുണ്ട്. വിലക്കിനെ മറികടന്ന് റീട്രാൻസ്ഫർ ചെയ്താൽ ഇടപാട് നിയമസാധുത ഇല്ലാത്തതായി കണക്കാക്കും.
5) ബിനാമി പ്രോപ്പർട്ടി ആണെന്ന് തെളിഞ്ഞാൽ അത് ഗവണ്മെന്റിലേക്ക് കണ്ടുകെട്ടും. യാതൊരുവിധ പ്രതിഫലവും ആർക്കും ലഭിക്കുകയില്ല.
6) ബിനാമി ഇടപാടുകൾ ചോദ്യം ചെയ്യപ്പെട്ടാൽ തെളിവുകൾ ഹാജരാക്കേണ്ടി വരുന്ന സമയത്ത് മനഃപൂർവം തെറ്റായ വിവരങ്ങൾ നല്കുന്നവർക്ക് 6 മാസത്തിൽ കുറയാതെയും 5 വർഷത്തിൽ കൂടാതെയും ഉള്ള കഠിനതടവിന് അർഹത ഉണ്ടായിരിക്കും. കുടാതെ പ്രസ്തുത സ്വത്തിന്റെ മതിപ്പുവിലയുടെ 10% വരുന്ന തുക പിഴ ആയി ഈടാക്കാനും നിയമത്തിൽ വ്യവസ്ഥ ഉണ്ട്.
സ്വത്തുക്കൾ മറ്റു പേരിൽ സന്പാദിച്ചാൽ
12:40 AM Aug 08, 2022 | Deepika.com