തായ്പേയ്: തായ്വാൻ മിസൈൽ നിർമാണ പദ്ധതികളുടെ ഉപമേധാവിയെ മരിച്ചനിലയിൽ കണ്ടെത്തി. ദക്ഷിണ തായ്വാനിലെ പിംഗ്റ്റുംഗ് നഗരത്തിലെ ഹോട്ടൽ മുറിയിൽ ഇന്നലെ രാവിലെയാണ് ഒൗ യാംഗ് ലി-സിംഗിനെ ജീവനറ്റനിലയിൽ കണ്ടെത്തിയത്.
പ്രതിരോധമന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണ-വികസന യൂണിറ്റായ നാഷണൽ ചുംഗ്-ഷാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി ഉപമേധാവിയാണ് ഇദ്ദേഹം. സൈന്യത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ സ്ഥാപനത്തിന്റെ പ്രവർത്തനം.
ഹൃദയാഘാതമാണ് മരണകാരണമെന്നു പിന്നീട് സ്ഥിരീകരിച്ചു. ഒൗ യാംഗിനു ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നതായി അദ്ദേഹത്തിന്റെ കുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്. ഒൗദ്യോഗിക ആവശ്യത്തിനായാണ് ഒൗ യാംഗ് പിംഗ്റ്റുംഗിലേക്കു പോയത്. തായ്വാന്റെ മിസൈൽ നിർമാണ യൂണിറ്റുകളുടെ മേധാവി കൂടിയായിരുന്നു ഇദ്ദേഹം. ഈ വർഷമാദ്യമാണ് ഒൗ യാംഗ് ചുമതലയേറ്റെടുത്തത്.
യുഎസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്വാൻ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ചൈനയുമായുള്ള ബന്ധം ഉലഞ്ഞുനിൽക്കുന്നതിനിടെയാണ് ഒൗ യാംഗിന്റെ മരണം. രാജ്യത്തിന്റെ മിസൈൽ നിർമാണശേഷി ഇരട്ടിയാക്കാനുള്ള പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയിരുന്നത് ഇദ്ദേഹമായിരുന്നെന്നാണു സൂചന.
തായ്വാൻ മിസൈൽ പദ്ധതികളുടെ ഉപമേധാവി മരിച്ചനിലയിൽ
12:34 AM Aug 07, 2022 | Deepika.com