ബെയ്ജിംഗ്: ഈയാഴ്ച നാല് ഏഷ്യൻ രാജ്യങ്ങൾ സന്ദർശിക്കുമെന്ന് യുഎസ് ജനപ്രതിനിധിസഭ സ്പീക്കർ നാൻസി പെലോസി സ്ഥിരീകരിച്ചു. ചൈനയുടെ കടുത്ത എതിർപ്പ് തുടരുന്നതിനാൽ തായ്വാൻ സന്ദർശനത്തെക്കുറിച്ച് അവർ മൗനം പാലിക്കുകയാണ്.
സിംഗപ്പുർ, മലേഷ്യ, ദക്ഷിണകൊറിയ, ജപ്പാൻ എന്നീരാജ്യങ്ങളുമായുള്ള വ്യാപാരചർച്ചകൾക്കാണ് യാത്രയെന്ന് അവർ സ്ഥിരീകരിച്ചു. കോവിഡ് 19, കാലാവസ്ഥാ വ്യതിയാനം, സുരക്ഷ തുടങ്ങിയ വിഷയങ്ങളിലാണ് ചർച്ചയെന്നും അവർ വ്യക്തമാക്കി. പെലോസി തായ്വാൻ സന്ദർശിച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ചൈന ശക്തമായ എതിർപ്പുന്നയിച്ചിരുന്നു. പ്രശ്നത്തിൽ യുഎസും ചൈനയും വാക്പോര് തുടരുന്നതിനിടെ തായ്വാൻ സന്ദർശനം പെലോസി ഉപേക്ഷിച്ചോ എന്നതിൽ വ്യക്തതയില്ല.
പെലോസിയുടെ തായ്വാൻ സന്ദർശനത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള ടെലിഫോൺ സംഭാഷണത്തിൽ ശക്തമായ ഭാഷയിലായിരുന്നു ചിൻപിംഗിന്റെ പ്രതികരണം.
നാൻസി പെലോസി ഏഷ്യയിലേക്ക്: തായ്വാനിൽ മൗനം
12:28 AM Aug 01, 2022 | Deepika.com