വാഷിംഗ്ടൺ ഡിസി: അമേരിക്കൻ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വെടിവയ്പിൽ ആറു പേർ കൊല്ലപ്പെട്ട സംഭവ ത്തിൽ പ്രതി പിടിയിൽ. റോബർട്ട് ഇ ക്രിമോ എന്ന ഇരുപത്തിരണ്ടുകാരനാണ് ഊർജിത തെരച്ചിലിനൊടുവിൽ പിടിയിലായത്.
തിങ്കളാഴ്ച ഇല്ലിനോയിയിലെ ഹൈലാൻഡ് പാർക്കിൽ ആഘോഷ പരേഡ് ആരംഭിച്ചതിനു പിന്നാലെയായിരുന്നു വെടിവയ്പ്.
കെട്ടിടത്തിനു മുകളിൽനിന്നു കണ്ണിൽകണ്ടവരുടെ നേർക്ക് വെടിയുതിർക്കുകയായിരുന്നു. അഞ്ചു പേർ സ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണു മരിച്ചത്. 30 പേർക്കു പരിക്കേറ്റു.
ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ചതാണെന്നാണു പലരും കരുതിയത്.
തുടരെത്തുടരെയുള്ള വെടിവയ്പുകളിൽ അനേക ജീവനുക ൾ പൊലിയുന്ന പശ്ചാത്തലത്തിൽ തോക്കുനിയന്ത്രണത്തിനായി അമേരിക്കൻ സർക്കാർ ഫെഡറൽ നിയമം കൊണ്ടുവന്ന് ദിവസങ്ങൾക്കകമാണ് ഈ സംഭവം.
പിടിയിലായ പ്രതിക്കെതിരേ കുറ്റം ചുമത്തിയിട്ടില്ല. എന്താണ് ആക്രമണത്തിനു പ്രേരണയായതെന്നും വ്യക്തമല്ല. വെടിവയ്പും അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ഇയാൾ സോഷ്യൽ മീഡിയയിൽ പതിവായി പോസ്റ്റ് ചെയ്തിരുന്നതായി കണ്ടെത്തി.
അമേരിക്കൻ സ്വാതന്ത്ര്യദിന ആഘോഷത്തിനിടെ വെടിവയ്പ്; പ്രതി പിടിയിൽ
12:16 AM Jul 06, 2022 | Deepika.com