ഹോങ്കോംഗ്: ചൈനയിലെ പ്രസിദ്ധമായ പാലസ് മ്യൂസിയം ഹോങ്കോംഗിൽ ശാഖ തുറന്നു. ഇതിന്റെ പ്രവർത്തനം ഇന്നലെ ഔദ്യോഗികമായി ആരംഭിച്ചു. ഹോങ്കോംഗിനുമേൽ ചൈന നിയന്ത്രണം ഉറപ്പിക്കുന്നതിന്റെ ഭാഗമാണു നടപടിയെന്നാണു വിലയിരുത്തൽ. 2019 ലാണ് മ്യൂസിയ ത്തിന്റെ നിർമാ ണം ആരംഭിച്ചത്.
1000 വർഷത്തിനുമേൽ പഴക്കമുള്ള കൈയെഴുത്തുകളും പെയിന്റിംഗുകളും മ്യൂസിയത്തിലുണ്ട്. 30 ദിവസത്തെ പ്രദർശനത്തിനുശേഷം പ്രദർശനവസ്തുക്കൾ തിരികെ ബെയ്ജിംഗിലേക്കു കൊണ്ടുപോകും. എക്സിബിഷൻ കുറച്ചുകാലത്തേക്കുകൂടി തുടരണമെന്നാണു ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ താത്പര്യമെന്നാണു റിപ്പോർട്ടുകൾ.
ബെയ്ജിംഗ് പാലസ് മ്യൂസിയം സ്ഥിതി ചെയ്യുന്ന ബെയ്ജിംഗിലെ ഫോര്‍ബിഡന്‍ സിറ്റി (വിലക്കപ്പെട്ട നഗരം) യുടെ വാസ്തുവിദ്യാ രൂപത്തിലാണ് മ്യൂസിയം നിർമിച്ചിരിക്കുന്നത്. ഒമ്പത് എക്സിബിഷന് ഹാളുകള്‍ ഹോങ്കോംഗ് പാലസ് മ്യൂസിയത്തിലുണ്ട്.
‘ഡിംഗ്’ എന്നറിയപ്പെടുന്ന കൂറ്റന്‍ ചതുരാകൃതിയിലുള്ള വെങ്കല കലവറയുടെ മാതൃകയിലാണ് മ്യൂസിയത്തിന്റെ പുറംഭാഗം നിര്‍മിച്ചിരിക്കുന്നത്. ബെയ്ജിംഗിലെ വിലക്കപ്പെട്ട നഗരത്തിന്റെ തണുത്ത ചാരനിറത്തിലുള്ള (കോൾഡ് ഗ്രേ) അലങ്കാരത്തോടുകൂടിയ അതേ ബീജ്, കടും ചുവപ്പ് നിറങ്ങളാണ് മ്യൂസിയത്തിന്.
ഹോങ്കോംഗ് പാലസ് മ്യൂസിയം ബെയ്ജിംഗ് പാലസ് മ്യൂസിയത്തിന്റെ ഒരു ശാഖയല്ലെന്നും മറിച്ച് പങ്കാളിത്തമാണെന്നുമാണ് ചൈനവ്യക്തമാക്കിയത്. ചൈനീസ്, പാശ്ചാത്യ സംസ്കാരങ്ങള്‍ സംഗമിക്കുന്ന സ്ഥലമെന്ന നിലയില്‍ ഹോങ്കോംഗിന്റെ ഗുണങ്ങളും സവിശേഷതകളും പ്രതിഫലിപ്പിക്കുന്ന ഒരു ഇടമാണ് പുതിയ പാലസ് മ്യൂസിയമെന്നും ചൈന വ്യക്തമാക്കി.
ഹോങ്കോംഗ് ചൈനയിലേക്കു മടങ്ങിയെത്തിയതിന്റെ 25-ാം വാർഷികാഘോഷച്ചടങ്ങിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് കഴിഞ്ഞ ദിവസം പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണു ചൈനയിലെ മ്യൂസിയം ഹോങ്കോംഗിൽ പ്രദർശനം ആരംഭിക്കുന്നത്.
ചൈനയിലെ പാലസ് മ്യൂസിയത്തിന് ഹോങ്കോംഗിൽ ശാഖ
01:04 AM Jul 04, 2022 | Deepika.com