കൊച്ചി: ജലമാർഗമുളള ടൂറിസത്തിലും ചരക്കു ഗതാഗതത്തിലും ചുവടുറപ്പിച്ച കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെഎസ്ഐഎൻസി) ടൂറിസം മേഖലയിൽ നെഫർറ്റിറ്റി ക്രൂയിസിലൂടെ പുതിയ നേട്ടം കൈവരിച്ചു. കപ്പലിൽനിന്നുള്ള ഒരൊറ്റ മാസത്തെ വരുമാനം ഒരു കോടി കടന്നു. കഴിഞ്ഞ മേയിൽ മുപ്പതിലേറെ ട്രിപ്പുകൾ പൂർത്തിയാക്കിയാണ് കോടി രൂപ വരുമാനമുണ്ടാക്കിയത്.
48 മീറ്റർ നീളവും 15 മീറ്റർ വീതിയുമുളള നെഫർറ്റിറ്റി എന്ന മിനി ക്രൂയിസ് ഷിപ്പിൽ 200 പേർക്ക് ഒരേസമയം യാത്ര ചെയ്യാം.
മർച്ചന്റ് ഷിപ്പിംഗ് ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്ത ഈ കപ്പൽ പുറംകടലിൽ പോകാൻ ഐആർഎസ് ക്ലാസിലാണ് പണിതത്. 200 പേർക്ക് ഇരിക്കാവുന്ന ബാങ്ക്വറ്റ് ഹാൾ, റസ്റ്ററന്റ്, കുട്ടികൾക്കുളള കളിസ്ഥലം, സണ്‍ഡെക്ക്, ലോഞ്ച് ബാർ, 3ഡി തിയറ്റർ തുടങ്ങിയ ആകർഷണങ്ങൾ നെഫർറ്റിറ്റിയിൽ ഉണ്ട്. ബിസിനസ് മീറ്റിംഗുകൾക്കും വിവാഹചടങ്ങുകൾപോലുള്ള ആഘോഷങ്ങൾക്കും കപ്പൽ അനുയോജ്യം. വ്യക്തിഗത ടിക്കറ്റ് യാത്രകളും നെഫർറ്റിറ്റി ഒരുക്കുന്നു.
രാഷ്ട്രപതി രാംനാഥ് കോവിന്ദും കുടുംബവും, നടൻ മോഹൻലാൽ ഉൾപ്പെടെയുള്ള സിനിമാതാരങ്ങൾ തുടങ്ങിയവർ നെഫർറ്റിറ്റിയിൽ ഇതിനകം യാത്ര ചെയ്തവരിൽപ്പെടുന്നു. ടിക്കറ്റുകൾ ഓണ്‍ലൈനായി www.nefertiticruise.com എന്ന വെബ്സൈറ്റിൽ മുൻകൂട്ടി ബുക്ക് ചെയ്യാം. ഫോൺ: 9744601234, 9846211144.
മാസ വരുമാനം ഒരു കോടി കടന്ന് നെഫർറ്റിറ്റി ക്രൂയിസ്
12:18 AM Jun 26, 2022 | Deepika.com