ആദായ നികുതിനിയമം 40 എ(3) അനുസരിച്ച് 10,000 രൂപക്ക് മുകളിൽ വരുന്ന ബിസിനസ് ചെലവുകൾ ക്യാഷായി നടത്തിയാൽ അവയെ ആദായനികുതി നിശ്ചയിക്കുന്നതിന് വരുമാനം കണക്കാക്കുന്പോൾ ചെലവുകളായി അംഗീകരിക്കില്ല.
നികുതിദായകൻ കന്പനിയോ ഫേമോ വ്യക്തിയോ ആരുമായിക്കോട്ടെ, 10,000 രൂപയ്ക്കു മുകളിലുള്ള ബിസിനസ് ചെലവുകൾ അക്കൗണ്ട് പേയി ചെക്കായോ ഡ്രാഫ്റ്റായോ അല്ലെങ്കിൽ ഇലക്ട്രോണിക് മാർഗത്തിലൂടെ ബാങ്കിംഗ് ചാനലിലൂടെ മാത്രമേ നടത്തുവാൻ പാടുള്ളൂ. ക്യാഷായോ ബെയറർ ചെക്കായോ നൽകിയാൽ അവ ബിസിനസിൽ ഉണ്ടായ ചെലവുകളായി അനുവദിക്കില്ല. എന്നാൽ ലോറി വാടക, ഫ്രൈറ്റ് എന്നിവക്ക് 35,000 രൂപ വരെ ക്യാഷായി നൽകാൻ സാധിക്കും. കൂടാതെ, താഴെപ്പറയുന്ന സാഹചര്യങ്ങളിൽ 10,000 രൂപയ്ക്ക് മുകളിലുള്ള ക്യാഷ് പേമെന്റ് അനുവദനീയമാണ്.
1.ബാങ്കിലും ധനകാര്യസ്ഥാപനങ്ങളിലും അടയ്ക്കുന്ന തുകകൾ
എൽഐസി, ബാങ്ക്, റിസർവ് ബാങ്ക്, പ്രൈമറി അഗ്രികൾച്ചർ ക്രെഡിറ്റ് സൊസൈറ്റികൾ, ലാൻഡ് മോർട്ട്ഗേജ് ബാങ്ക് മുതലായ സ്ഥാപനങ്ങളിലേക്ക് ക്യാഷായി അടയ്ക്കാവുന്നതാണ്.
2. സെൻട്രൽ & സ്റ്റേറ്റ് ഗവണ്മെന്റ് പേമെന്റ്സ്
ഗവണ്മെന്റിലേക്ക് അടയ്ക്കേണ്ട നികുതികൾ, ജിഎസ്ടി, കസ്റ്റംസ് ഡ്യൂട്ടി എന്നിവ ക്യാഷായി അടയ്ക്കാവുന്നതാണ്.
3. കൃഷിക്കാർക്കും മീൻപിടിത്തക്കാർക്കും ചരക്കുകൾ വാങ്ങുന്പോൾ നൽകുന്ന പേമെന്റ്സ്
കൃഷിക്കാർക്കും ഹോർട്ടികൾച്ചർ കൃഷി ചെയ്യുന്നവർക്കും മീൻ പിടിക്കുന്നവർക്കും ക്യാഷായി പണം നൽകാവുന്നതാണ്.
4.കുടിൽ വ്യവസായത്തിലെ ഉത്പന്നങ്ങൾ
വൈദ്യുതിയുടെ സഹായം ഇല്ലാതെ കുടിൽ വ്യവസായത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന വസ്തുക്കൾ ഉത്പാദകനോടു നേരിട്ടു വാങ്ങുന്പോൾ ക്യാഷ് പേമെന്റ് നടത്താം.
5. ബാങ്കിംഗ് സൗകര്യം ഇല്ലാത്ത ഗ്രാമപ്രദേശങ്ങളിൽ വസിക്കുന്നവർ
ബാങ്കിംഗ് സൗകര്യം ഇല്ലാത്ത ഗ്രാമപ്രദേശങ്ങളിൽ വസിക്കുകയും വ്യാപാരം ചെയ്യുകയും ചെയ്യുന്നവർക്ക് ക്യാഷ് ഇടപാടുകൾ അനുവദനീയമാണ്.
6.ബുക്ക് അഡ്ജസ്റ്റ്മെന്റ്സ്
ബുക്ക് അഡ്ജസ്റ്റ്മെന്റ്സ് വഴി സെറ്റിൽ ചെയ്യുന്ന ഇടപാടുകൾ ക്യാഷ് പേമെന്റ് ആയി കണക്കാക്കില്ല.
7. ടെർമിനൽ ബെനഫിറ്റ്സ്
റിട്ടയർമെന്റ് ആവുകയോ തൊഴിലാളിയുടെ മരണം മൂലമോ തൊഴിലുടമ ടെർമിനൽ ബെനഫിറ്റായി തൊഴിലാളിക്കോ ആശ്രിതർക്കോ നല്കുന്ന തുക 50,000 രൂപവരെ ക്യാഷായി അനുവദനീയമാണ്.
8. ബാങ്ക് അവധി, ബാങ്ക് സമരം മുതലായവ അപ്രതീക്ഷിതമായി ബാങ്കിൽ അവധി വരികയോ സമരമോ മറ്റോ മൂലം ബാങ്കിംഗ് പ്രവർത്തനം നടക്കാതെ വരികയും പണം ലഭിക്കേണ്ട ആൾക്കു നിർബന്ധിതമായും പണം ആവശ്യം വരികയും ചെയ്യുന്ന സാഹചര്യങ്ങളിൽ ക്യാഷായി നൽകാവുന്നതാണ്.
9. ഏജന്റിന് നൽകുന്ന പണം
ഏജന്റ് ക്യാഷ് കൊടുത്ത് ചരക്ക് വാങ്ങുകയോ സേവനം സ്വീകരിക്കുകയോ ചെയ്യുന്ന അവസരങ്ങളിൽ ഏജന്റിന്റെ സേവനം ഉപയോഗപ്പെടുത്തുന്നവർക്കു ക്യാഷായി ഏജന്റിന് നൽകാവുന്നതാണ്.
10. താത്കാലിക ജീവനക്കാർക്ക് ശന്പളം
സാധാരണ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ അല്ലാതെ വേറെ സ്ഥലത്ത് താത്കാലികമായി ജോലി ചെയ്യേണ്ടി വരികയും അവിടെ ബാങ്കിംഗ് സൗകര്യം ഇല്ലാതെ ഇരിക്കുകയും ചെയ്യുന്ന അവസരങ്ങളിൽ ജോലിക്കാർക്ക് ക്യാഷായി പണം നൽകാവുന്നതാണ്.
11. ഫോറിൻ എക്സ്ചേഞ്ച് ഡീലേഴ്സിന്
റിസർവ് ബാങ്കിന്റെ അംഗീകാരം ഉള്ള ഫോറിൻ എക്സ്ചേഞ്ച് ഡീലർമാർക്കും ഓതറൈസ്ഡ് ഡീലർമാർക്കും ഫോറിൻ എക്സ്ചേഞ്ച് സ്വീകരിച്ച് പണം ക്യാഷായി നൽകാവുന്നതാണ്.
മുകളിൽ സൂചിപ്പിക്കപ്പെട്ട സാഹചര്യങ്ങളിലും റൂൾ 6 ഡി.ഡി.യിൽ പരാമർശിക്കപ്പെട്ടിട്ടുള്ള അവസരങ്ങളിലും ഒഴികെ 10,000 രൂപയ്ക്ക് മുകളിൽ ക്യാഷായി പണമിടപാട് നടത്തിയാൽ ബിസിനസിൽ അവ ചെലവായി അനുവദിക്കില്ല.
കൂടാതെ, കൊടുക്കുന്ന തുക രണ്ടു ലക്ഷമോ അതിലധികമോ ആയാൽ ബിസിനസിൽ ചെലവായി അനുവദിക്കില്ല എന്നു മാത്രമല്ല തുല്യമായ തുക പിഴയായും ഈടാക്കുന്നതാണ്.
രണ്ടു ലക്ഷം രൂപയിൽ കൂടുതലുള്ള തുക ക്യാഷായി ഗവണ്മെന്റ് സ്ഥാപനങ്ങൾക്കോ പോസ്റ്റ് ഓഫീസുകൾക്കോ ബാങ്കുകൾക്കോ അല്ലാതെ മറ്റാർക്കും സ്വീകരിക്കുവാൻ അധികാരം ഇല്ല.
ഏതിടപാടിന്റെ പേരിലാണെങ്കിലും പ്രസ്തുത ലിമിറ്റിൽ കൂടുതൽ തുക സ്വീകരിച്ചാൽ പിഴ കൊടുക്കേണ്ടി വരും.
10,000 രൂപയ്ക്ക് മുകളിലുള്ള ബിസിനസ് ചെലവുകൾക്ക് നോട്ടിടപാട് ഒഴിവാക്കാം
12:53 AM Jun 20, 2022 | Deepika.com