കൊച്ചി: സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) വിപണി വികസിപ്പിക്കുന്നതിനും സംരംഭകത്വലോകത്ത് സാങ്കേതിക കഴിവുകള്‍ വളര്‍ത്തുന്നതിനുമുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി വ്യാപാര്‍ 2022 മേളയില്‍ പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകള്. എംഎസ്എംഇകളുടെ വിപണി വികസിപ്പിക്കുന്നതിന് ആവശ്യമായ സംഭരണ-വാങ്ങല്‍ നടപടിക്രമങ്ങള്‍ പ്രദര്‍ശനമേളയിലെ സെമിനാര്‍ സെഷനില്‍ പ്രഭാഷകര്‍ അവതരിപ്പിച്ചു.
ഇ-കോമേഴ്സില്‍ കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടത്തിന് സെല്ലര്‍ സെക്യൂരിറ്റി പ്രാക്ടീസുകള്‍ നഷ്ടപരിഹാരം ഉറപ്പുനല്‍കുന്നതിനാല്‍ ഉത്പന്നം, ജിഎസ്ടി രജിസ്ട്രേഷന് രേഖ എന്നിവ മാത്രംകൊണ്ട് ഓണ്‍ലൈന്‍ വിപണനം തുടങ്ങാമെന്ന് ഫ്ളിപ്കാര്‍ട്ടിന്റെ ദക്ഷിണേന്ത്യയിലെ സംഭരണ വിഭാഗം മാനേജര്‍ ധനഞ്ജയ് ശര്‍മ പറഞ്ഞു. ഉപഭോക്താവ് തിരിച്ചയയ്ക്കുന്ന ഉത്പന്നങ്ങള്‍ പലതും ഉപയോഗശൂന്യമായാണ് എത്തുന്നത്. ഈ അധികച്ചെലവ് പരിഹരിക്കാന്‍ സെല്ലര്‍ സുരക്ഷാ പദ്ധതികളുണ്ട്. മിക്ക വില്‍പ്പനകളിലും ഏഴു ദിവസത്തിനകം പണം സെല്ലറുടെ പക്കല്‍ എത്തുന്ന രീതിയിലാണ് സംവിധാനം. സെല്ലര്‍മാരെ സഹായിക്കുന്നതിന് ഉത്പന്നങ്ങളുടെ ചിത്രം ആകര്‍ഷമാക്കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്പന്നത്തിന്റെ ചിത്രം മൊബൈല്‍ ഫോണില്‍ അപ്ലോഡ് ചെയ്താല്‍ അതില്‍ വേണ്ട ഡിസൈന്‍ ഉള്‍പ്പെടുത്തി ആകര്‍ഷകമാക്കും. ഇത്തരത്തില്‍ ഇ-കോമേഴ്സ് വിപുലീകരിക്കുകയാണ് ലക്ഷ്യമെന്നും ധനഞ്ജയ് ശര്‍മ പറഞ്ഞു.
ഇടനിലക്കാരെ ഒഴിവാക്കി രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ദാതാവ് എങ്ങനെയാണ് ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനത്തില്‍ സാധനങ്ങള്‍ എത്തിക്കുന്നതെന്ന് ഇന്ത്യന്‍ റെയില്‍വേ ഡെപ്യൂട്ടി ചീഫ് (ഡിഎഫ്എഫ്സിഎല്‍) തന്‍വീര്‍ ഖാന് വിശദീകരിച്ചു. റീട്ടെയില്‍ രംഗത്തെ വന്‍കിടക്കാര്‍ പിന്തുടരുന്ന സംഭരണ നടപടിക്രമങ്ങളെക്കുറിച്ച് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ പ്രൊക്യുര്‍മെന്റിലെ സനീഷ് അവതരണം നടത്തി.
സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്നുവരുന്ന ത്രിദിന മേളയ്ക്ക് ഇന്നു കൊടിയിറങ്ങും. ഇന്നു രാവിലെ 11 മുതല്‍ രാത്രി എട്ടു വരെ പൊതുജനങ്ങള്‍ക്ക് എക്സിബിഷനില്‍ പ്രവേശനം അനുവദിച്ചിട്ടുണ്ട്.
വ്യാപാര്മേളയ്ക്ക് ഇന്ന് കൊടിയിറങ്ങും
11:03 PM Jun 17, 2022 | Deepika.com