സീയൂൾ: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ക്വാഡ് ഉച്ചകോടിയിൽ പങ്കെടുത്ത് ജപ്പാനിൽനിന്നു മടങ്ങിയതിനു പിന്നാലെ ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം. അണ്വായുധം വഹിക്കാൻ ശേഷിയുള്ള ഹ്വാസോംഗ്- 17 അടക്കം മൂന്നു മിസൈലുകളാണു ബുധനാഴ്ച രാവിലെ പരീക്ഷിച്ചതെന്ന് ചില റിപ്പോർട്ടുകളിൽ പറയുന്നു.
ഏഷ്യാ പര്യടനം പൂർത്തിയാക്കിയ ബൈഡൻ ചൊവ്വാഴ്ച രാത്രിയാണു യുഎസിലേക്കു മടങ്ങിയത്. ഉത്തരകൊറിയയുടെ ഏതു ഭീഷണിയും നേരിടാൻ അമേരിക്ക തയാറാണെന്നു ദക്ഷിണകൊറിയ സന്ദർശിക്കവേ അദ്ദേഹം പറഞ്ഞിരുന്നു.
ബൈഡനും ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൺ സുക് ഇയോളും തമ്മിൽ നടത്തിയ ചർച്ചയിൽ ഉത്തരകൊറിയയ്ക്കു മുന്നറിയിപ്പു നല്കാനായി സംയുക്തമായി വൻ സൈനിക അഭ്യാസങ്ങൾ നടത്താനും തീരുമാനിച്ചിരുന്നു.
ഉത്തരകൊറിയയുടെ ഇന്നലത്തെ പരീക്ഷണം പ്രകോപനപരവും സമാധാനത്തിനു ഭീഷണിയും ആണെന്നു ദക്ഷിണകൊറിയയും ജപ്പാനും പ്രതികരിച്ചു.
ഉത്തരകൊറിയ ഉടൻ അണ്വായുധം പരീക്ഷിച്ചേക്കുമെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ മുന്നറിയിപ്പു നല്കിയിട്ടുണ്ട്.
ബൈഡൻ മടങ്ങിയതിനു പിന്നാലെ ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം
01:55 AM May 26, 2022 | Deepika.com