ടോക്കിയോ: യുക്രെയ്ൻ യുദ്ധം ആഗോളപ്രശ്നമായി മാറിയെന്നും ലോകം അന്ധകാരത്തിന്റെ മണിക്കൂറുകളിലൂടെയാണു കടന്നുപോകുന്നതെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ജപ്പാനിൽ നടക്കുന്ന ക്വാഡ് (ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ രാജ്യങ്ങളുടെ സഖ്യം) ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യവും ഏകാധിപത്യവും തമ്മിലുള്ള പോരാട്ടമാണ് ഉച്ചകോടിയിലെ പ്രധാന ചർച്ചാവിഷയമെന്നു ബൈഡൻ പറഞ്ഞു. യുക്രെയ്ൻ തുറമുഖങ്ങളെ റഷ്യ ഉപരോധിക്കുന്നതു മൂലമുള്ള ഭക്ഷ്യപ്രതിസന്ധി ലോകത്തെ മുഴുവൻ ബാധിച്ചുകഴിഞ്ഞു. റഷ്യക്കെതിരായ ആഗോളനീക്കത്തിൽ അമേരിക്കയും സഖ്യകക്ഷികളും മുന്നിലുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതുപോലൊരു അധിനിവേശം ഏഷ്യയിൽ സംഭവിക്കരുതെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിഡ പറഞ്ഞു. നിയമവാഴ്ച, രാജ്യങ്ങളുടെ പരമാധികാരവും അഖണ്ഡതയും അംഗീകരിക്കൽ തുടങ്ങിയ വിഷയങ്ങളിൽ ക്വാഡ് നേതാക്കൾ അഭിപ്രായ ഐക്യത്തിലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചൈന തായ്വാൻ പിടിച്ചെടുക്കാൻ ശ്രമിച്ചാൽ അമേരിക്ക രംഗത്തിറങ്ങുമെന്ന് ബൈഡൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
യുക്രെയ്ൻ യുദ്ധം ആഗോള പ്രശ്നമായി: ബൈഡൻ
02:17 AM May 25, 2022 | Deepika.com