കൊച്ചി: സിഎസ്ബി ബാങ്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 458.49 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ കാലയളവിലെ 218.40 കോടി രൂപയേക്കാള്‍ 109.93 ശതമാനം വര്‍ധനയാണിത്. നടപ്പു വര്‍ഷത്തെ നാലാം ക്വാര്‍ട്ടറിലെ അറ്റാദായം മുന്‍വര്‍ഷത്തെ 42.89 കോടി രൂപയില്‍നിന്ന് 204.63 ശതമാനം വര്‍ധനയോടെ 130.67 കോടി രൂപയിലേക്കു കുതിച്ചുയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ പ്രവര്‍ത്തനലാഭം മുന്‍വര്‍ഷത്തെ 515.52 കോടിയില്‍നിന്ന് 19 ശതമാനം വര്‍ധനയോടെ 613.72 കോടി രൂപയായി.
അറ്റ പലിശ വരുമാനം മുന്‍വര്‍ഷത്തേക്കാള്‍ 22.51 ശതമാനം വര്‍ധനയോടെ 1153.30 കോടിയിലെത്തി. വര്‍ധന 211.91 കോടി. 79 കോടി രൂപയുടെ കിട്ടാക്കടം തിരിച്ചുപിടിച്ചു. അറ്റ നിഷ്ക്രിയ ആസ്തി മുന്‍വര്‍ഷത്തെ 1.17 ശതമാനത്തില്‍നിന്ന് 0.68 ശതമാനമായി താഴ്ന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് 100 ശാഖകള്‍ പുതിയതായി തുറന്നു. ഡിപ്പോസിറ്റ് 5.48 ശതമാനം വര്‍ധനയോടെ 20,188.3 കോടി രൂപയായി വര്‍ധിച്ചപ്പോള്‍ വായ്പ 9.53 ശതമാനം വളര്‍ച്ചയോടെ 15,814.68 കോടിയായി. സ്വര്‍ണപ്പണയവായ്പ 6,570 കോടി രൂപയിലെത്തി. നിരവധി വെല്ലുവിളികള്‍ക്കിടയിലും റിക്കാര്‍ഡ് അറ്റാദായം നേടാന്‍ ബാങ്കിനു സാധിച്ചുവെന്ന് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പ്രാലേ മൊണ്ടല്‍ പറഞ്ഞു.
സിഎസ്ബി ബാങ്കിന് 458.49 കോടി രൂപ അറ്റാദായം
02:31 AM May 07, 2022 | Deepika.com