കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ടിന്റെ 11ാം ലക്കത്തിന് ഇന്നു കൊച്ചിയില്‍ തിരിതെളിയും.
കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉദ്ഘാടനം നിര്‍വഹിക്കും. പ്രമുഖ വ്യവസായി എം.എ. യൂസഫലി വിശിഷ്ടാതിഥിയായിരിക്കും.
ഐപിഎല്‍ മാതൃകയിലുള്ള ചുണ്ടന്‍വള്ളങ്ങളുടെ മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ രണ്ടാം ലക്കം വിളംബര പ്രദര്‍ശനവും നടക്കും.
വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സാഗര, സാമുദ്രിക കണ്വന്ഷന് സെന്ററിലാണ് ആറ്, ഏഴ്, എട്ട് തിയതികളില്‍ വാണിജ്യ കൂടിക്കാഴ്ചകളും സെല്ലര്‍മാരുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുള്ളത്. 55,000 വാണിജ്യ കൂടിക്കാഴ്ചകൾ നടക്കുമെന്ന് കെടിഎം സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു അറിയിച്ചു.
1000ല്‍പരം ആഭ്യന്തര ബയര്‍മാരും 240 ലേറെ വിദേശ ബയര്‍മാരും പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ട്. ഒന്നരലക്ഷം ചതുരശ്ര അടിയില്‍ 325 സ്റ്റാളുകളാണ് കെടിഎമ്മിനായി ഒരുക്കിയിട്ടുള്ളത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍, ടൂറിസം വ്യവസായ നേതൃനിരയിലുള്ള പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന നാലു സെമിനാറുകളും നടക്കും.
പ്രാദേശിക സഞ്ചാരികള്‍ക്ക് പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായി എട്ടിന് ഉച്ചയ്ക്ക് ഒന്നുമുതല്‍ പൊതുജനങ്ങള്‍ക്കു മാര്‍ട്ടില്‍ പ്രവേശനമുണ്ടായിരിക്കും.
കേരള ട്രാവല്‍ മാര്ട്ടിന് ഇന്നു തുടക്കം
02:03 AM May 05, 2022 | Deepika.com