വാഷിംഗ്ടൺ: ചൈനയിലേക്കുള്ള വിമാനസർവീസുകൾ നിർത്തിവച്ച യുഎസ് നടപടി ന്യായീകരണമില്ലാത്തതാണെന്നും നിർദേശം ഉടൻ പിൻവലിക്കണമെന്നും വാഷിംഗ്ടണിലെ ചൈനീസ് എംബസി വക്താവ്.
കോവിഡ് വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ ചൈനയിലേക്കുള്ള 44 വിമാനങ്ങൾ ബൈഡൻ ഭരണകൂടം നിർത്തിവയ്ക്കുകയായിരുന്നു. എയർ ചൈന, ചൈന ഈസ്റ്റേണ്‍ എയർലൈൻസ്, ചൈന സതേണ്‍ എയർലൈൻസ്, സിയാമെൻ എയർലൈൻസ് എന്നിവയുടെ വിമാനങ്ങൾക്കാണു താത്കാലിക വിലക്ക് പ്രഖ്യാപിച്ചത്.
ഈമാസം 30നും മാർച്ച് 29നുമിടയിൽ യുഎസിൽനിന്നു ചൈനയിലേക്കു ഷെഡ്യൂൾചെയ്തിരിക്കുന്ന വിമാനങ്ങൾക്കാണു നിയന്ത്രണം പ്രഖ്യാപിച്ചത്.
ചൈനീസ് തലസ്ഥാനത്ത് ശീതകാല ഒളിന്പിക്സിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണു യുഎസിന്റെ നടപടി. സാധാരണ യാത്രാവിമാനങ്ങൾ റദ്ദാക്കുന്ന നടപടി ഉടൻ തിരുത്തണമെന്ന് എംബസി വക്താവ് ആവശ്യപ്പെടുകയായിരുന്നു.
നേരത്തേ, യുഎസിൽനിന്നെത്തിയ യാത്രക്കാർക്കു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഏതാനും യുഎസ് വിമാനങ്ങൾ ചൈന റദ്ദാക്കിയിരുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്നു യുഎസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
യാത്രാവിമാന വിലക്ക് പിൻവലിക്കണം: യുഎസിനോടു ചൈന
01:27 AM Jan 23, 2022 | Deepika.com