കീവ്: റഷ്യൻ ഭീഷണി ചെറുക്കാന്‍ അമേരിക്ക യുക്രെയ്ന് 200 ദശലക്ഷം ഡോളറിന്റെ അധിക സാന്പത്തികസഹായം നൽകി. കീവിൽ സന്ദർശനം നടത്തുന്ന യുഎസ് ആഭ്യന്തര സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇക്കാര്യം സ്ഥിരീകരിച്ചു.
കഴിഞ്ഞ വർഷം അവസാനം റഷ്യൻ സൈനികർ യുക്രെയ്ൻ അതിർത്തിയിലേക്കു നീങ്ങുന്നതിനു മുന്‍പ് ബൈഡൻ ഭരണകൂടം യുക്രെയ്ന് 450 ദശലക്ഷം ഡോളറിന്റെ സൈനിക സഹായം നൽകിയിരുന്നു.
യുക്രെയ്ൻ വിഷയത്തിൽ നയതന്ത്രപരവും സമാധാനപൂർണവുമായ വഴി കണ്ടെത്തണമെന്നു റഷ്യയോട് അമേരിക്ക അഭ്യർഥിച്ചു. യുക്രെയ്ൻ അതിർത്തിയിൽ ഒരു ലക്ഷത്തിലധികം റഷ്യൻ സൈനികരെ വിന്യസിച്ചെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് യുഎസ് ആഭ്യന്തര സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ പ്രസ്താവന.
നാളെ ജനീവയിൽവച്ച് റഷ്യൻ വിദേശകാര്യമന്ത്രിയുമായി ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിനുമുന്‍പ് ബ്ലിങ്കൻ യൂറോപ്യൻ പങ്കാളികളുമായി ബർലിനിൽ കൂടിക്കാഴ്ച നടത്തും.
ഏതു നിമിഷവും റഷ്യ യുക്രെയ്നെ ആക്രമിച്ചേക്കുമെന്നാണു മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ പറയുന്നത്.
യുക്രെയ്ന് അമേരിക്കയുടെ അധികസഹായം
12:22 AM Jan 20, 2022 | Deepika.com