കോവിഡിന്റെ അതിപ്രസരം, ഡിപ്പാർട്ട്മെന്റിലെ സോഫ്റ്റ്വേര് തകരാർ എന്നിവ മൂലം നികുതിദായകർക്കും ബന്ധപ്പെട്ട പ്രഫഷണലുകൾക്കും മറ്റുള്ളവർക്കുമൊക്കെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്തു കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് റിപ്പോർട്ടുകളും റിട്ടേണുകളും ഫയൽ ചെയ്യുന്നതിനുള്ള സമയം ദീർഘിപ്പിച്ചു നൽകികൊണ്ടു 11-01-2022ൽ വിജ്ഞാപനം പുറപ്പെടുവിച്ചു.
ഓഡിറ്റ് റിപ്പോർട്ട് ഫയലിംഗ്
ടാക്സ് ഓഡിറ്റിംഗിന് വിധേയരായിട്ടുള്ള നികുതിദായകർ 2020-21 സാന്പത്തികവർഷത്തിലെ ഓഡിറ്റ് റിപ്പോർട്ടുകൾ 2022 ജനുവരി 15നു മുന്പു ഫയൽ ചെയ്യണമെന്നായിരുന്നു ചട്ടം. പ്രസ്തുത തീയതി 2022 ഫെബ്രുവരി 15 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.
റിട്ടേണ് ഫയലിംഗ്
ടാക്സ് ഓഡിറ്റിംഗിന് വിധേയരായിട്ടുള്ള നികുതിദായകരും അവർ പങ്കുവ്യാപാരസ്ഥാപനങ്ങളാണെങ്കിൽ അവയും അവയുടെ പങ്കുകാരും കന്പനികളും റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള സമയം 2022 ഫെബ്രുവരി 15 ആയിരുന്നത് മാർച്ച് 15 വരെ ദീർഘിപ്പിച്ചു.
നികുതിദായകന് അക്കൗണ്ടിലെ വിറ്റുവരവ് ഒരു കോടി രൂപയോ അതിൽ കൂടുതലോ ആണെങ്കിലും അനുമാന നികുതി അടച്ചു കോന്പൗണ്ട് ചെയ്യുന്നില്ലെങ്കിലും നിർബന്ധിത ഓഡിറ്റിംഗിനു വിധേയരാകും. പ്രൊഫഷണലുകൾക്ക് 50 ലക്ഷം രൂപയാണു പരിധി. എന്നാൽ 95 ശതമാനത്തിലധികം വരവുകളും ചെലവുകളും ബാങ്കിലൂടെയാണെങ്കിൽ 2020-21 സാന്പത്തിക വർഷത്തിൽ 10 കോടി രൂപ വരെ വിറ്റുവരവുള്ളവർ കണക്കുകൾ ഓഡിറ്റ് ചെയ്യേണ്ടതില്ല. ഇവർക്കു മൊത്തവരവിന്റെ അഞ്ചുശതമാനത്തിൽ കൂടുതൽ ക്യാഷായി സ്വീകരിക്കുവാൻ പാടില്ല.
അതോടൊപ്പം മൊത്തം ചെലവുകളുടെ അഞ്ചുശതമാനത്തിൽ കൂടുതൽ രൂപ ക്യാഷായി ചെലവാക്കാനും പാടില്ല. അനുമാനനികുതി അടച്ചു കോന്പൗണ്ട് ചെയ്യുന്നവർക്കു വിറ്റുവരവിന്റെ പരിധി പരമാവധി രണ്ടു കോടി രൂപയാണ്.
അന്തർദേശീയ ഇടപാടുകൾ
ഇന്റർനാഷണൽ ട്രാൻസാക്ഷൻസും ആദായനികുതി വകുപ്പിലെ 92 ഇ വകുപ്പ് അനുസരിച്ചു നിർദിഷ്ട ഇടപാടുകൾ നടത്തുന്നവരും ഇടപാടുകളുടെ റിപ്പോർട്ട് 2022 ജനുവരി 31നു മുന്പു നൽകണമെന്നുമുണ്ടായിരുന്നു. ഈ റിപ്പോർട്ട് നല്കുന്നതിനുള്ള സമയപരിധി 2022 ഫെബ്രുവരി 15 വരെ ദീർഘിപ്പിച്ചു നൽകിയിട്ടുണ്ട്.
ബിലേറ്റഡ് റിട്ടേണുകൾ
ദീർഘിപ്പിച്ചു നല്കിയ സമയത്തിനുള്ളിലും ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുവാൻ സാധിക്കാതെ വരുന്ന നികുതിദായകർക്കു ബിലേറ്റഡ് ആയി റിട്ടേണുകൾ 2022 മാർച്ച് 31 വരെ ഫയൽ ചെയ്യുവാൻ സാധിക്കും. ബിലേറ്റഡായി ഫയൽ ചെയ്യുന്ന സമയത്തു നിർദിഷ്ട നിരക്കിലുള്ള പിഴ അടയ്ക്കേണ്ടതുണ്ട്.
പക്ഷെ ബിലേറ്റഡായി ഫയൽ ചെയ്യുന്ന റിട്ടേണുകൾക്കു ബിസിനസിലുണ്ടാവുന്ന നഷ്ടം, മൂലധന നേട്ടം എന്ന ഹെഡിലുണ്ടാവുന്ന നഷ്ടം എന്നിവ ക്യാരി ഫോർവേർഡ് ചെയ്തു ലഭിക്കില്ല.
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
ഓഡിറ്റ് റിപ്പോർട്ടും റിട്ടേണുകളും ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ചു
01:19 AM Jan 17, 2022 | Deepika.com