വാഷിംഗ്ടൺ ഡിസി: പ്രമുഖ കവയിത്രിയും പൗരാവകാശ പ്രവർത്തകയുമായ മായാ ആഞ്ജലുവിന്റെ ചിത്രം രേഖപ്പെടുത്തിയ നാണയം യുഎസ് ട്രഷറി പുറത്തിറക്കി. ആഫ്രിക്കൻ വംശജയ്ക്ക് ഇത്തരം ബഹുമതി ആദ്യമാണ്. 25 സെന്റ് നാണയമാണു പുറത്തിറക്കിയിരിക്കുന്നത്.
2014ൽ 86-ാം വയസിലാണ് മായാ ആഞ്ജലു അന്തരിച്ചത്. ‘ഐ നോ വൈ ദ കേജ്ഡ് ബേഡ് സിംഗ്സ്’ എന്ന ആത്മകഥയിലൂടെയാണു പ്രശസ്തിയിലേക്കുയർന്നത്. അവരുടെ 30 കൃതികൾ ബെസ്റ്റ് സെല്ലേഴ്സായിരുന്നു. 2010ൽ അമേരിക്കയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ലഭിച്ചിരുന്നു.
അമേരിക്കയുടെ ചരിത്രത്തിൽ നിർണായക സ്വാധീനം ചെലുത്തിയ 20 വനിതകളുടെ ബഹുമാനാർഥം നാണയങ്ങൾ പുറത്തിറക്കാനാണു ട്രഷറി വകുപ്പിന്റെ തീരുമാനം.
യുഎസിലെ ആദ്യ ബഹിരാകാശ യാത്രിക സാലി റൈഡ്, റെഡ് ഇന്ത്യൻ ആദിവാസികളിലെ ആദ്യ വനിതാ ഗോത്രനേതാവ് വിൽമ മാൻകില്ലർ, ഹോളിവുഡിലെ ആദ്യ ചൈനീസ് - അമേരിക്കൻ അഭിനേത്രി അന്നാ മേ വോംഗ് എന്നിവരുടെ നാണയങ്ങൾ ഈ വർഷംതന്നെ പുറത്തിറക്കും.
20 ഡോളർ നോട്ടിൽ മുൻ പ്രസിഡന്റ് ആൻഡ്രൂ ജാക്സനു പകരം ആഫ്രിക്കൻ വംശജരുടെ അവകാശങ്ങൾക്കായി പോരാടിയ ഹാരിയറ്റ് റ്റബ്മാന്റെ ചിത്രം ചേർക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു.
മായാ ആഞ്ജലുവിന്റെ സ്മരണയ്ക്കായി നാണയം
01:37 AM Jan 12, 2022 | Deepika.com