തൃശൂർ: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നോണ്‍- എക്സിക്യൂട്ടീവ് ഡയറക്ടറായി അഡ്വ. ബെന്നി പി.തോമസ് നിയമിതനായി. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന നിയമകാര്യ വിദഗ്ധനായ ഇദ്ദേഹത്തിന് നിയമരംഗത്ത് 33 വർഷത്തെ അനുഭവസമ്പത്തുണ്ട്. കൊച്ചി ആസ്ഥാനമായുള്ള തോമസ് ആൻഡ് തോമസിന്റെ മാനേജിംഗ് പാർട്ണറാണ്.
തൊഴിൽ നിയമം, സിവിൽ നിയമം, സൈബർ നിയമം, നികുതി നിയമം, ബദൽ വ്യവഹാര തീർപ്പ്, മധ്യസ്ഥത, അനുരഞ്ജനം എന്നീ സേവനങ്ങളാണു തോമസ് ആൻഡ് തോമസ് നൽകുന്നത്. അഡ്വ. ബെന്നി പി.തോമസ് 25 വർഷത്തോളം കൊച്ചിയിലെ മേനോൻ ആൻഡ് പൈ അഡ്വക്കേറ്റ്സിന്റെ സീനിയർ പാർട്ണറായിരുന്നു. വിവിധ കേസുകളിൽ അമിക്കസ്ക്യൂരിയായിരുന്നു. വൻകിട കോർപറേറ്റുകൾക്കു പുറമെ നിയമ വകുപ്പിനും നിയമോപദേശം നൽകാറുണ്ട്.
രാജ്യത്തെ ബാങ്കിംഗ് മേഖലയിൽ പുതുതലമുറ ഉദ്യോഗസ്ഥർ ഏറ്റവും കൂടുതലുള്ള സ്ഥാപനങ്ങളിലൊന്നാണ് സൗത്ത് ഇന്ത്യൻ ബാങ്ക്. മൂലധന പര്യാപ്തത, കറന്റ് / സേവിംഗ്സ് (കാസ) അക്കൗണ്ട് വളർച്ച, ചെലവ്-വരുമാന അനുപാതം, ജീവനക്കാരുടെ ശേഷിവികസനം, ഉപഭോക്തൃ സേവനം, നിബന്ധനാപാലനം എന്നിവയ്ക്കു പ്രാധാന്യം നൽകിയുള്ള ആറിന കർമപദ്ധതി ബാങ്ക് ആവിഷ്കരിച്ചിട്ടുണ്ട്.
അഡ്വ. ബെന്നി പി. തോമസ് എസ്ഐബി നോണ്‍-എക്സിക്യൂട്ടീവ് ഡയറക്ടർ
01:23 AM Jan 12, 2022 | Deepika.com