ഹൈദരാബാദ്: രാജ്യത്തു ലഭ്യമായ ഏറ്റവും മികച്ചവയുമായി താരതമ്യപ്പെടുത്താവുന്ന സൗകര്യങ്ങൾ നിക്ഷേപകർക്ക് കേരളം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കേരളത്തിലേക്ക് നിക്ഷേപം ക്ഷണിച്ച് തെലങ്കാനയിലെ വ്യവസായ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഹൈദരാബാദിലെ ഹോട്ടൽ പാർക്ക് ഹയാത്തിൽ ആയിരുന്നു ഇൻവെസ്റ്റ്മെന്റ് റോഡ് ഷോ എന്ന പേരിൽ നിക്ഷേപക സംഗമം നടന്നത്.
സംസ്ഥാനമിപ്പോൾ തേടുന്നത് മികച്ച പങ്കാളിത്തമാണ്. രാജ്യത്ത് ലഭ്യമായ ഏറ്റവും മികച്ചവയുമായി താരതമ്യപ്പെടുത്താവുന്ന സൗകര്യങ്ങൾ നിക്ഷേപകർക്ക് നൽകാൻ സാധിക്കുമെന്ന ഉറപ്പ് കേരളത്തിനുണ്ട്.
സമൃദ്ധമായ ജലം, ശുദ്ധവും ശുചിത്വവുമുള്ള അന്തരീക്ഷം ഉൾപ്പെടെ പ്രകൃതിവിഭവങ്ങളാൽ അനുഗൃഹീതമാണ് ഇവിടം. വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്താവുന്ന നിലവാരമുള്ള, രാജ്യത്തെ തന്നെ ഏറ്റവും സാക്ഷരരും വിദ്യാസന്പന്നരുമായ തൊഴിലാളികളെ നൽകാൻ കേരളത്തിനു സാധിക്കും.
പാരിസ്ഥിതിക സുസ്ഥിരതയ്ക്ക് കോട്ടം തട്ടാത്ത വ്യവസായങ്ങൾക്കായി കൂടുതൽ നിക്ഷേപകരെ ആകർഷിച്ച് രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാവുക എന്നതാണ് കേരളത്തിന്റെ ലക്ഷ്യം. നിശ്ചയദാർഢ്യത്തോടെയും കരുതലോടെയും സർക്കാർ ഈ ലക്ഷ്യം കൈവരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ കുറിച്ചു പലരും പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യങ്ങളാണെന്നും മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷമാണ് ഇവിടെ നിലനിൽക്കുന്നതെന്നും ജോണ് ബ്രിട്ടാസ് എംപി പറഞ്ഞു. നിക്ഷേപ സാധ്യതകൾ യോഗത്തിൽ അവതരിപ്പിച്ചു. ബയോ-ടെക്നോളജി, ഇൻഫർമേഷൻ ടെക്നോളജി, ഫാർമ തുടങ്ങിയ മേഖലകളിലും വളർന്നുവരുന്ന ഇതര മേഖലകളിലും സംസ്ഥാനത്തിന്റെ നിക്ഷേപ സാധ്യതകളാണ് സംരംഭകർക്ക് മുന്നിൽ അവതരിപ്പിച്ചത്.
സംസ്ഥാനം ഏറ്റെടുത്തിട്ടുള്ള നിയമനിർമ്മാണ പരിഷ്കാരങ്ങൾ, ഡിജിറ്റൽ പരിവർത്തനം, നടപടിക്രമങ്ങളുടെ ലഘൂകരണം, വ്യാവസായിക അടിസ്ഥാന സൗകര്യ സൗകര്യങ്ങൾ എന്നിവയും വിശദീകരിച്ചു.
സിഐഐ, ക്രെഡായ് അംഗങ്ങൾ, ഐടി വ്യവസായം, ഫാർമ വ്യവസായം തുടങ്ങി അന്പതോളം പ്രമുഖ കന്പനികളുടെ സാരഥികളും ഇതര നിക്ഷേപകരും പങ്കെടുത്തു.
നിക്ഷേപകർക്കു മികച്ച സൗകര്യങ്ങൾ കേരളം നൽകും: മുഖ്യമന്ത്രി
12:26 AM Jan 08, 2022 | Deepika.com