തിരുവനന്തപുരം: കേരള ട്രാവല്‍മാര്‍ട്ട് മാര്‍ച്ച് 24ന് തിരിതെളിയും.കൊച്ചി ഗ്രാന്റ് ഹയാത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷം വെല്ലിംഗ്ടണ്‍ ഐലൻഡിലെ സാഗര, സാമുദ്രിക കണ്വന്ഷന് സെന്ററില്‍ 25 മുതല്‍ 27 വരെയാണ് ട്രാവല്‍മാര്‍ട്ട് എന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.
കാരവാന് ടൂറിസവും സാഹസിക ടൂറിസവുമാകും ഇക്കുറി കേരള ട്രാവല്‍മാര്‍ട്ടിന്റെ പ്രമേയം. ഇതോടൊപ്പം കഴിഞ്ഞ എട്ട് വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന ഉത്തരവാദിത്ത ടൂറിസം ഇത്തവണയും പ്രധാന വിഷയമാകും. ആഭ്യന്തര ബയര്‍മാര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് കെടിഎം പതിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്.
കേരളത്തിലെ മൊത്തം വ്യവസായ രംഗത്തെ തിരിച്ചുകൊണ്ടുവരാന്‍ കേരള ട്രാവല്‍ മാര്ട്ടിന് സാധിക്കുമെന്ന് കെടിഎം പ്രസിഡന്റ് ബേബി മാത്യു പറഞ്ഞു.ടൂറിസം ഡയറക്ടര്‍ വി.ആര്.കൃഷ്ണതേജ, കെടിഎം സെക്രട്ടറി ജോസ് പ്രദീപ്, മുന്‍ പ്രസിഡന്റുമാരായ ഇ.എം.നജീബ്, ഏബ്രഹാം ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
കേരള ട്രാവല്‍ മാര്‍ട്ട് മാര്‍ച്ച് 24 മുതല്‍ കൊച്ചിയില്‍
12:11 AM Dec 01, 2021 | Deepika.com