നികുതിലോകം/ ബേബി ജോസഫ്,
ചാർട്ടേഡ് അക്കൗണ്ടന്റ്
ഒരു മൂലധന ആസ്തി 36 മാസത്തിൽ കൂടുതൽ കൈവശം സൂക്ഷിച്ചാൽ അവയെ ദീർഘകാല മൂലധന ആസ്തിയായി കണക്കാക്കാം. പ്രസ്തുത ആസ്തി 36 മാസത്തിൽ കുറവാണ് കൈവശം വച്ചിരിക്കുന്നതെങ്കിൽ അതു ഹ്രസ്വകാല മൂലധന ആസ്തിയായി കണക്കാക്കാവുന്നതാണ്. എന്നാൽ ഭൂമി, കെട്ടിടങ്ങൾ എന്നിവ 24 മാസത്തിൽ കൂടുതൽ കൈവശംവച്ചിരുന്നാൽ ദീർഘകാല മൂലധന ആസ്തിയായി കണക്കാക്കും.
അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽനിന്നു വ്യാപാരം ചെയ്യപ്പെട്ട ഓഹരികൾക്കും ഇക്വിറ്റി ഷെയറുകൾ അടിസ്ഥാനപ്പെടുത്തിയുള്ള മ്യൂച്വൽ ഫണ്ടുകളും ലിസ്റ്റഡ് സെക്യൂരിറ്റികളും യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച യൂണിറ്റുകളും ഒരു വർഷത്തിൽ കൂടുതൽ കൈവശംവച്ചാൽ അവയെ ദീർഘകാലമൂലധന ആസ്തികളായി പരിഗണിക്കുന്നതാണ്.
എന്നാൽ, അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യാത്ത ഓഹരികൾ നിലവിൽ രണ്ട് വർഷത്തിൽ കൂടുതൽ കൈവശംവച്ചുകഴിഞ്ഞാൽ മാത്രമേ ദീർഘകാല മൂലധന ആസ്തികളായി കണക്കാക്കുകയുള്ളു. മുന്പുള്ള വർഷങ്ങളിൽ ദീർഘകാല മൂലധന ആസ്തിയായി കണക്കാക്കണമായിരുന്നെങ്കിൽ മൂന്നു വർഷത്തിൽ കുറയാതെ പ്രസ്തുത ഓഹരികൾ കൈവശംവയ്ക്കണമായിരുന്നു.
മൂലധനനേട്ടത്തിന്റെ നികുതി
മൂലധനനേട്ടത്തിന്റെ നികുതി കണക്കാക്കുന്നത് അവ ഹ്രസ്വകാല മൂലധനനേട്ടമാണോ അതോ ദീർഘകാല മൂലധനനേട്ടമാണോ എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. ഹ്രസ്വകാല മൂലധനനേട്ടത്തിനും ദീർഘകാല മൂലധനനേട്ടത്തിനും വിവിധങ്ങളായ രീതിയിലാണ് നികുതിനിരക്കുകൾ. ഒരു വർഷത്തിൽ കൂടുതൽ കൈവശംവച്ചിരിക്കുന്ന ലിസ്റ്റ് ചെയ്യപ്പെട്ട ഓഹരികൾ ദീർഘകാല മൂലധന ആസ്തികളായി കണക്കാക്കുന്നതും അവ വിൽക്കുന്പോൾ ലഭിക്കുന്ന ഒരു ലക്ഷം രൂപവരെയുള്ള മൂലധനനേട്ടം നികുതിയിൽനിന്ന് ഒഴിവുള്ളതുമാണ്.
ഒരു ലക്ഷത്തിനു മുകളിൽ ലഭിക്കുന്ന മൂലധനനേട്ടത്തിന് 10ശതമാനം നിരക്കിൽ നികുതി ഉണ്ടായിരിക്കുന്നതാണ്. എന്നാൽ, പ്രസ്തുത കാലാവധിവരെ കൈവശംവയ്ക്കാതെ അവ കൈമാറ്റം ചെയ്യപ്പെടുകയാണെങ്കിൽ ലഭിക്കുന്ന മൂലധനനേട്ടത്തെ ഹ്രസ്വകാല മൂലധനനേട്ടമായി കണക്കാക്കുന്നതും അവയ്ക്ക് 15ശതമാനം നികുതി ചുമത്തുന്നതുമാണ്. മേൽപ്പറഞ്ഞ 15 ശതമാനം സെസും സർചാർജും ഉൾപ്പെടെയല്ല.
ഓഹരികളെ അടിസ്ഥാനപ്പെടുത്തിയുള്ള മ്യൂച്വൽ ഫണ്ടുകൾ എന്നതുകൊണ്ട് വിവക്ഷിക്കുന്നത് അവ ആദായനികുതി നിയമം 10(23 ഡി) എന്ന വകുപ്പിൽ പ്രതിപാദിച്ചിരിക്കുന്നവ ആയിരിക്കണം എന്നതാണ്. അതായത് അവയുടെ ഉപയോഗിക്കാവുന്ന പണത്തിന്റെ 65ശതമാനം വരുന്ന തുക ഡൊമസ്റ്റിക് കന്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കപ്പെട്ടിരിക്കണം. എങ്കിൽ മാത്രമേ അവയ്ക്ക് ദീർഘകാല മൂലധനനേട്ടത്തിന് ലഭിക്കുന്ന നികുതി ആനുകൂല്യം ലഭിക്കുകയുള്ളു. കൈവശംവയ്ക്കേണ്ട കാലാവധി ഒരു വർഷമായി കണക്കാക്കപ്പെടുന്നതിനും ഈ മാനദണ്ഡം ബാധകമാണ്.
പ്രസ്തുത ഓഹരികൾക്ക് ആദായനികുതിയിൽനിന്നു കിഴിവ് ലഭിക്കുന്നതിന് അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ച് വഴി ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളതും സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ചാർജ് അടയ്ക്കപ്പെട്ടിട്ടുള്ളതുമായിരിക്കണം. എങ്കിൽ മാത്രമേ അവയ്ക്ക് നികുതി ആനുകൂല്യവും കാലാവധി പീരിയഡിലേക്കുള്ള ആനുകൂല്യവും ലഭിക്കുകയുള്ളൂ.
ഒരു ലക്ഷത്തിൽ മുകളിൽ ലഭിക്കുന്ന മൂലധനനേട്ടത്തിന് 10% നിരക്കിൽ നികുതി ഉണ്ടായിരിക്കുന്നതാണ്. മറ്റു ഹ്രസ്വകാല മൂലധനനേട്ടത്തിന് സാധാരണ നിരക്കിലാണ് നികുതി.
ഹ്രസ്വകാല മൂലധന ആസ്തിയും ദീർഘകാല മൂലധന ആസ്തിയും
11:58 PM Nov 28, 2021 | Deepika.com