കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ ഫെഡറല്‍ ബാങ്ക് 460.26 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 50 ശതമാനമാണ് പാദവാര്‍ഷിക ലാഭത്തില്‍ വര്‍ധന. 864.79 കോടി രൂപയാണ് പ്രവര്‍ത്തന ലാഭം. രണ്ടാംപാദ അറ്റപലിശ വരുമാനം 7.22 ശതമാനം വര്‍ധിച്ച് 1,479.42 കോടി രൂപയിലെത്തി.
കറന്റ് അക്കൗണ്ട് -സേവിംഗ്സ് അക്കൗണ്ട് (കാസ) അനുപാതം 18 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ എക്കാലത്തെയും ഉയര്‍ന്ന അനുപാതമായ 36.16 ശതമാനത്തിലെത്തി. 20.54 ശതമാനം വിപണി വിഹിതത്തോടെ വിദേശത്തുനിന്നുള്ള റെമിറ്റന്‍സില്‍ ഫെഡറല്‍ ബാങ്ക് കരുത്തു കാട്ടി.
സാമ്പത്തികരംഗത്തെ സാഹചര്യങ്ങള്‍ അനുകൂലമല്ലാതിരുന്നിട്ടും ബാങ്കിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞെന്നും പുതിയ അക്കൗണ്ടുകള്‍ പകുതിയിലേറെയും ഇപ്പോള്‍ തുറക്കപ്പെടുന്നത് ഫിന്‍ടെക് സംരംഭങ്ങളുമായുള്ള പങ്കാളിത്തത്തിലൂടെയാണെന്നും ഫെഡറല്‍ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസന് പറഞ്ഞു.
ബാങ്കിന്റെ മൊത്തം ബിസിനസ് 9.56 ശതമാനം വളര്‍ച്ചയോടെ 3,06,399.38 കോടി രൂപയിലെത്തി. മൊത്തം നിക്ഷേപം മുന്‍ വര്‍ഷത്തെ 1,56,747.39 കോടിയില്‍നിന്ന് 9.73 ശതമാനം വര്‍ധിച്ച് 1,71,994.75 കോടി രൂപയായും മൊത്തം വായ്പകള്‍ 1,25,208.57 കോടിയില്‍നിന്ന് 1,37,313.37 കോടി രൂപയായും വര്‍ധിച്ചു.
സ്വര്‍ണ വായ്പകള്‍ 25.88 ശതമാനം വളര്‍ച്ച നേടി 15,976 കോടി രൂപയിലെത്തി. രണ്ടാം പാദം അവസാനം വരെയുള്ള ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി 4445.84 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 3.24 ശതമാനം വരുമിത്.
1.12 ശതമാനമാണ് അറ്റ നിഷ്ക്രിയ ആസ്തി. ബാങ്കിന്റെ അറ്റ മൂല്യം 15,235.25 കോടി രൂപയില്‍നിന്ന് 17,561.53 കോടി രൂപയായി വര്‍ധിച്ചു.
മൂലധന പര്യാപ്തതാ അനുപാതം 14.97 ശതമാനമാണ്. 2021 സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം ബാങ്കിന് 1,272 ശാഖകളും 1,874 എടിഎമ്മുകളും ഇന്ത്യയിലുടനീളമുണ്ട്.
ഫെഡറല്‍ ബാങ്കിന് 460.26 കോടി രൂപ അറ്റാദായം
11:40 PM Oct 22, 2021 | Deepika.com