മുംബൈ: ദീപാവലിവരെ നീളുന്ന ഉത്സവകാലത്ത് രാജ്യത്തെ സ്മാർട്ട്ഫോണ് വില്പന റിക്കാർഡ് കുറിക്കുമെന്നു വിലയിരുത്തൽ.
നിലവിൽ സ്മാർട്ട്ഫോണ് വിപണിയിൽ കണ്ടുവരുന്ന ഉണർവ് തുടരുന്ന പക്ഷം 760 കോടി ഡോളറിന്റെ(ഏകദേശം 56,858 കോടി രൂപ) വില്പന ഈ സീസണിലുണ്ടാകുമെന്നു വിപണി വിശകലന സ്ഥാപനമായ കൗണ്ടർപോയിന്റ് അറിയിച്ചു.
സ്മാർട്ട്ഫോണുകളുടെ ശരാശരി വില്പനവില മുൻവർഷത്തെ അപേക്ഷിച്ച് 14 ശതമാനമുയർന്ന് 17,200 രൂപ ആകും. മിഡ്- പ്രീമിയം വിഭാഗത്തിലുള്ള സ്മാർട്ട്ഫോണുകൾക്കാകും ഇക്കുറി കൂടുതൽ ഡിമാൻഡ്. കന്പനികൾ ആകർഷകമായ പ്രതിമാസ വിഹിതപദ്ധതികളും മറ്റ് ഓഫറുകളും പ്രഖ്യാപിക്കുന്നതും (ഇഎംഐ) ഡിമാൻഡ് ഉയർത്തുന്നുണ്ട്.
അതേസമയം, ആഗോളതലത്തിൽ സ്മാർട്ട്ഫോൺ ഉപകരണങ്ങൾക്കുള്ള ലഭ്യതക്കുറവ് തുടരുകയാണ്. ഇതുമൂലം ഉത്പാദനച്ചെലവിലുണ്ടായ വർധന നേരിടാൻ കന്പനികൾ ഫോൺ വിലയുയർത്താൻ നീക്കമുണ്ടെന്നാണു വിവരം.
ഒന്നാമൻ ഷാമി
മുംബൈ: നടപ്പു ധനകാര്യവർഷം സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം ത്രൈമാസത്തിൽ രാജ്യത്തെ സ്മാർട്ട്ഫോണ് ചരക്കുനീക്കം മുൻവർഷം ഇതേ ത്രൈമാസത്തെ അപേക്ഷിച്ച് അഞ്ചു ശതമാനം ഇടിഞ്ഞ് 4.75 കോടി യൂണിറ്റായി. അതേസമയം, നടപ്പുവർഷം ഒന്നാം ത്രൈമസത്തെ അപേക്ഷിച്ച് ചരക്കുനീക്കത്തിൽ 47 ശതമാനം വർധനയാണുള്ളത്.
കോവിഡ് രണ്ടാം തരംഗത്തിനു ശമനമുണ്ടായതിനെത്തുടർന്ന് ഡിമാൻഡിലുണ്ടായ വർധനയാണു ചരക്കുനീക്കം കൂട്ടിയത്. 24 ശതമാനം വിപണി പങ്കാളിത്തവുമായി ചൈനീസ് ബ്രാൻഡ് ആയ ഷാമിയാണു രാജ്യത്ത് ഒന്നാംസ്ഥാനത്ത്. സാംസംഗ്, വിവോ എന്നീ കന്പനികൾ യഥാക്രമം രണ്ടും മൂന്നൂം സ്ഥാനങ്ങളിലെത്തി. വിപണി വിശകലന സ്ഥാപനമായ കനാലിസ് ആണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
ഉത്സവകാലം സ്മാർട്ട് ഫോണ് വിപണിക്കു നല്ല കാലം
12:04 AM Oct 22, 2021 | Deepika.com