യാങ്കോൺ: ആസിയാൻ ഉച്ചകോടിയിൽനിന്നു ബഹിഷ്കരണം നേരിട്ടതിനു പിന്നാലെ മ്യാൻമറിലെ പട്ടാള ഭരണകൂടം 5,600 രാഷ്ട്രീയ തടവുകാരെ പൊതുമാപ്പു നല്കി വിട്ടയച്ചു. തടവിൽ കഴിയുന്ന ജനാധിപത്യ നേതാവ് ഓംഗ് സാൻ സൂചിയുടെ എൻഎൽഡി പാർട്ടിയുടെ വക്താവ് ഓംഗ് ഷിൻ അടക്കമുള്ളവരാണു മോചിതരായത്.
അന്താരാഷ്ട്രതലത്തിൽ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമായിട്ടാണിതെന്നു പട്ടാളത്തിന്റെ വിമർശകർ ചൂണ്ടിക്കാട്ടി. 26 മുതൽ 28 വരെ നടക്കുന്ന ആസിയാൻ ഉച്ചകോടിയിൽ ജനാധിപത്യയിതര സർക്കാരുകളെ ക്ഷണിക്കേണ്ടെന്നു കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു. മ്യാൻമർ ആസിയാനിൽ അംഗമാണ്. തീരുമാനം പട്ടാളഭരണകൂടത്തിനു കനത്ത തിരിച്ചടിയായെന്നു വിലയിരുത്തപ്പെടുന്നു.
ഫെബ്രുവരിയിലാണു പട്ടാളം സൂചി അടക്കമുള്ളവരെ തടവിലാക്കി ഭരണം പിടിച്ചത്. പട്ടാളത്തിനെതിരേ പ്രതിഷേധിച്ച ജനങ്ങളെ ഉരുക്കുമുഷ്ടികൊണ്ടാണു നേരിട്ടത്. ആയിരത്തിലധികം പേർ കൊല്ലപ്പെട്ടു. ഒന്‍പതിനായിരത്തിലധികം പേർ തടവിലായി.
മ്യാൻമറിൽ 5,600 രാഷ്ട്രീയ തടവുകാരെ മോചിപ്പിച്ചു
12:51 AM Oct 20, 2021 | Deepika.com