മോസ്കോ: അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനിൽ സിനിമാ ചിത്രീകരണം പൂർത്തിയാക്കി റഷ്യൻ സിനിമാപ്രവർത്തകർ മടങ്ങിയെത്തി. നടി യൂലിയ പെരസിൽഡ്, സംവിധായകൻ ക്ലിം ഷിപെങ്കോ എന്നിവരാണ് ഇന്നലെ റഷ്യൻ ബഹിരാകാശസഞ്ചാരി ഒലെഗ് നൊവിറ്റ്സ്കിക്കൊപ്പം മടങ്ങിയെത്തിയത്.
സോയൂസ് റോക്കറ്റിൽ ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച ഇവർ പാരച്യൂട്ടിന്റെ സഹായത്തോടെ കസാക്കിസ്ഥാനിലെ പുൽമേടുകളിൽ സുരക്ഷിതമായി ഇറങ്ങി.
‘ചലഞ്ച്’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി അഞ്ചിനാണു നടിയും സംവിധായകനും ബഹിരാകാശ സ്റ്റേഷനിലെത്തിയത്.
ബഹിരാകാശ സ്റ്റേഷനിലുള്ള യാത്രികനെ അടിയന്തര ശസ്ത്രക്രിയ നടത്തി രക്ഷിക്കാനായി പോകുന്ന സർജന്റെ വേഷമാണു നടി യൂലിയയ്ക്ക്. ആറു മാസത്തിലധികമായി സ്റ്റേഷനിൽ കഴിയുന്ന ഒലെഗ് നൊവിറ്റ്സ്കിയാണ് രോഗിയുടെ വേഷം അഭിനയിച്ചത്. സിനിമയുടെ മറ്റു ഭാഗങ്ങൾ ഭൂമിയിൽ ചിത്രീകരിക്കും. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
ബഹിരാകാശത്ത് സിനിമാ ചിത്രീകരണം പൂർത്തിയാക്കി റഷ്യൻ സംഘം മടങ്ങിയെത്തി
12:18 AM Oct 18, 2021 | Deepika.com