വാഷിംഗ്ടൺ: ലോക ബാങ്ക്, യുഎൻ, അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്) തുടങ്ങിയ ആഗോള സ്ഥാപനങ്ങൾ വർഷങ്ങളായി പക്ഷപാതപരമായ സമീപനമാണു സ്വീകരിക്കുന്നതെന്നും ഈ സ്ഥിതിക്കു മാറ്റം വേണമെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഹാർവഡ് സർവകലാശാലയിൽ നടന്ന പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു നിർമല.
“പതിറ്റാണ്ടുകളായി പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്ത രാജ്യങ്ങളുടെ ആശങ്കകൾ ഇന്നും ആഗോള സ്ഥാപനങ്ങൾ വകവയ്ക്കുന്നില്ല. അവർ വർഷങ്ങളായി ആർക്കൊപ്പമായിരുന്നോ ഇന്നും അങ്ങനെതന്നെ തുടരുന്നു. ധനസഹായം, അന്താരാഷ്ട്ര വ്യാപരം, ധനനയം, സുരക്ഷ അങ്ങനെ ഏതു വിഷയങ്ങളാണെങ്കിലും സ്ഥിതി ഇതുതന്നെ.ഈ സാഹചര്യത്തിന് ഇനിയെങ്കിലും മാറ്റമുണ്ടാകേണ്ടതുണ്ട്.
സ്വയംനവീകരണത്തിന് ഈ സംവിധാനങ്ങൾ തയാറാകണം.
ഇന്ത്യപോലുള്ള രാജ്യങ്ങളുടെ ആശങ്കകൾ വേണ്ടവിധം കേൾക്കാൻ അവർ സമയം കണ്ടെത്തണം. അതിലൂടെ മാത്രമേ നാളിതുവരെയും വേണ്ടത്ര പരിഗണിക്കപ്പെടാത്ത രാജ്യങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും വിഭവങ്ങളുടെ തുല്യമായ വിതരണം നടക്കുകയുമുള്ളു.
വൻകിട കന്പനികൾ നികുതിയിൽ രക്ഷപ്പെടുന്ന സാഹചര്യവും ഇപ്പോഴുണ്ട്. അവർ ബിസിനസ് നടത്തുന്ന രാജ്യത്തും നികുതി അടയ്ക്കുന്നില്ല; അവരുടെ സ്വരാജ്യത്തും. ഈ പ്രശ്നവും പരിഹരിക്കപ്പെടണം’’- നിർമല പറഞ്ഞു.
ആഗോള സ്ഥാപനങ്ങൾക്ക് പക്ഷപാതം: നിർമല
12:07 AM Oct 14, 2021 | Deepika.com