മുംബൈ: അപ്രതീക്ഷിത തീരുമാനങ്ങളൊന്നും കൂടാതെ റിസർവ്ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഎെ) പണനയ സമിതിയോഗത്തിന് (എംപിസി) സമാപനം. നിലവിലുള്ള റിപ്പോ നിരക്കും(നാലു ശതമാനം) റിവേഴ്സ് റിപ്പോ നിരക്കും (3.5 ശതമാനം) അതേപടി തുടരുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു.
അടിസ്ഥാന നിരക്കുകളിൽ മാറ്റം വരുത്താതെ എംപിസി പിരിയുന്നത് ഇത് തുടർച്ചയായി എട്ടാം തവണയാണ്.ആറംഗ പണനയസമിതിയിൽ അഞ്ചു പേരുടെ പിന്തുണയാണ്, നിലവിലെ സ്ഥിതി തുടരുന്ന തീരുമാനത്തിനുണ്ടായത്.
രാജ്യത്തെ സാന്പത്തിക രംഗം മുരടിപ്പ് മറികടന്ന് വളർച്ചയുടെ പാതയിലെത്തിയിരിക്കുകയാണെന്നും ഈ വളർച്ച നിലനിർത്തുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമായി പണലഭ്യത ഉറപ്പുവരുത്തുന്ന നടപടിക്രമങ്ങളുമായി മുന്നോട്ടുപോവുകയാണെന്നും ദാസ് പറഞ്ഞു.
നടപ്പു ധനകാര്യവർഷം ജിഡിപി 9.5 ശതമാനം വളർച്ച കൈവരിക്കുമെന്ന മുൻ വിലയിരുത്തലിലും എംപിസി മാറ്റം വരുത്തിയില്ല. 2021-22 ധനകാര്യവർഷത്തിലെ രണ്ടാം ത്രൈമാസത്തിൽ 7.9 ശതമാനവും മൂന്നാം ത്രൈമാസത്തിൽ 6.8 ശതമാനവും നാലാം ത്രൈമാസത്തിൽ 6.1 ശതമാനവുമാണ് ആർബിഎ പ്രതീക്ഷിക്കുന്ന ജിഡിപി വളർച്ച.
അതേസമയം, നടപ്പു ധനകാര്യവർഷത്തേക്കുള്ള ഉപഭോകതൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പ്രതീക്ഷിത ചില്ലറ വിലക്കയറ്റം 5.3 ശതമാനമായി ആർബിഐ തിരുത്തി. നടപ്പു ധനകാര്യവർഷം ചില്ലറ വിലക്കയറ്റം 5.7 ശതമാനമാകുമെന്നായിരുന്നു ആർബിഐയുടെ മുൻ വിലയിരുത്തൽ.
മറ്റു പ്രധാന തീരുമാനങ്ങൾ
* ഐഎംപിഎസ് (ഇമ്മീഡിയറ്റ് പേമെന്റ് സർവീസ്) ഇടപാടിനുള്ള പരിധി രണ്ടുലക്ഷത്തിൽനിന്ന് അഞ്ചു ലക്ഷമായി ഉയർത്തി. ഇതോടെ രണ്ടു ലക്ഷം രൂപയിൽ കൂടുതൽ തുക പേമെന്റ് ആപ്പുകളിലൂടെയും മറ്റും കൈമാറ്റം ചെയ്യാൻ ഉപയോക്താക്കൾക്കു സാധിക്കും.
* ഡിജിറ്റൽ പേമെന്റ് ഓഫ് ലൈനായി ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കും. ഇതിനായുള്ള മാർഗരേഖ ഉടൻ പുറത്തിറക്കുമെന്നും ആർബിഐ ഗവർണർ അറിയിച്ചു. ഇന്റർനെറ്റ് സേവനം ലഭ്യമല്ലാത്ത മേഖലകളിലുള്ളവർക്കു പുതിയ സംവിധാനം ഏറെ സഹായകരമാകും.
* ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിൽ (എൻബിഎഫ്സി) ഇടപാടുകാരുടെ പരാതി പരിഹാരത്തിനായി ഇന്റേണൽ ഓംബുഡ്സ്മാൻ സംവിധാനം ആരംഭിക്കും. ഇതിനായി, തങ്ങളുടെ നിലവിലുള്ള പരാതി പരിഹാര സംവിധാനത്തിന്റെ മേൽനോട്ടത്തിനും നിയന്ത്രണത്തിനുമായി എൻബിഎഫ്സികൾ ഓംബുഡ്സ്മാനെ നിയമിക്കണം. വലിയ എൻബിഎഫ്സികൾക്കാണ് ഇതു ബാധകമാവുക.
* റിപ്പോ നിരക്കിൽ ചെറുകിട ബാങ്കുകൾക്ക് (എസ്എഫ്ബി)വായ്പ നല്കുന്ന ക്രമീകരണം(എസ്എൽടിആർഒ) ഈ വർഷം ഡിസംബർ 31 വരെ നീട്ടി. ഇതുവഴി ചെറു ബിസിനസ് സംരംഭങ്ങൾക്കും സൂക്ഷ്മ ചെറുകിട വ്യവസായങ്ങൾക്കും എസ്എഫ്ബി വഴി കൂടുതൽ വായ്പകൾ ലഭ്യമാകും.
റിസർവ്ബാങ്ക് ഓഫ് ഇന്ത്യ പണനയ സമിതിയോഗത്തിന് സമാപനം; നിരക്കുകളിൽ മാറ്റമില്ല
11:15 PM Oct 08, 2021 | Deepika.com