ഏതാനും നിമിഷങ്ങൾ! 500 ഐടി ജീവനക്കാർ കോടീശ്വരന്മാരായി

10:53 AM Sep 25, 2021 | Deepika.com
ചെന്നൈ: ഏതാനും മിനിറ്റുകൾ മാത്രമേ വേണ്ടിവന്നുള്ളൂ, അഞ്ഞൂറിലേറെ ഇന്ത്യൻ ഐടി ജീവനക്കാർ കോടീശ്വരൻമാരായി മാറി. മറ്റു ചിലർ ലക്ഷപ്രഭുക്കളും. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി കന്പനി ജീവനക്കാർക്കാണ് ഈ അപ്രതീക്ഷിത ഭാഗ്യം വീണുകിട്ടിയത്. ചെന്നൈ ആസ്ഥാനമായ ഫ്രഷ് വർക്സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് കോടീശ്വരന്മാരായത്.

സോഫ്റ്റ്‌വെയർ ആസ് എ സർവീസ് (സാസ്) സ്റ്റാർട്ടപ്പ് കന്പനിയായിരുന്നു ഫ്രഷ് വർക്സ്. അമേരിക്കയിലെ സിലിക്കൺ വാലിയിലും കന്പനിക്ക് ഒാഫീസുണ്ട്. അമേരിക്കയിലെ നാസ്ഡാക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ കന്പനി ലിസ്റ്റ് ചെയ്തതാണ് ജീവനക്കാർക്ക് അപ്രതീക്ഷിത ലോട്ടറിയായി മാറിയത്.

36 ഡോളറിന് (2654 രൂപ) ലിസ്റ്റ് ചെയ്ത ഒാഹരി മിനിറ്റുകൾക്കകം 43.5 (3209 രൂപ) ഡോളറിലേക്കു കുതിച്ചതാണ് ജീവനക്കാർക്കും നേട്ടമായത്. ഒാഹരി കുതിച്ചതോടെ കന്പനിയുടെ വിപണിമൂല്യം 12.3 ബില്യൺ ഡോളർ (90,000 കോടി) ആയി ഉയർന്നു. കന്പനിയുടെ 4300 ജീവനക്കാരിൽ 76 ശതമാനം പേരും ജീവനക്കാരുടെ ഒാഹരി ഉടമസ്ഥാവകാശ പദ്ധതി (ഇഎസ് ഒപി) പ്രകാരം ഒാഹരികൾക്ക് ഉടമകളായി മാറിയിരുന്നു. ഇവരിൽ അഞ്ഞൂറു പേരോളം ഇന്ത്യയിലാണ് ജോലി ചെയ്യുന്നത്.

ഇങ്ങനെ കോടീശ്വരൻമാരായവരിൽ എഴുപതുപേരോളം 30ൽ താഴെ പ്രായമുള്ളവരാണ്. വിദ്യാഭ്യാസം പൂർത്തിയാക്കിയെത്തിയ തുടക്കക്കാർ വരെ ഇക്കൂട്ടത്തിലുണ്ട്. നാസ് ഡാക്കിൽ ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യൻ സാസ് കന്പനിയാണ് ഫ്രഷ് വർകസ്.

ഗിരീഷ് മാതൃഭൂതമാണ് ഫ്രഷ് വർക്സിന്‍റെ സിഇഒ. അദ്ദേഹം ഹസ്ഥാപകൻ കൂടിയാണ്. 2010ൽ വെറും ആറു ജീവനക്കാരുമായി ഫ്രഷ് ഡെസ്ക് എന്ന പേരിൽ തമിഴ്നാട്ടിലെ ട്രിച്ചിയിൽ തുടങ്ങിയ സ്ഥാപനം പിന്നീട് ഫ്രഷ് വർക്സ് എന്നു പേരു പരിഷ്കരിച്ചു മുന്നേറുകയായിരുന്നു.

ഇന്‍റർനെറ്റ് വഴി സോഫ്റ്റ്‌വെയർ സേവനം നൽകുന്ന സ്ഥാപനങ്ങളെ പൊതുവായി പറയുന്ന പേരാണ് സാസ്. ലോകത്ത് എവിടെയിരുന്നും ഇവരുടെ സോഫ്റ്റ് വെയറിന്‍റെ സാധ്യതകൾ ഉപയോഗിക്കാം. മാത്രമല്ല. ഈ സോഫ്റ്റ് വെയറുകൾ എപ്പോഴും സാസ് കന്പനിയുടെ സെർവറിൽ തന്നെ ആയിരിക്കും.