വാഷിംഗ്ൺ: യുഎസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യൻ സമൂഹത്തിന്റെ ഊഷ്മള വരവേൽപ്പ്. ലോകത്തിന്റെ ഏതുഭാഗത്തും ഇന്ത്യൻ സമൂഹം വ്യതിരിക്തത പുലർത്തുന്ന വിഭാഗമാണെന്നു മോദി പ്രതികരിക്കുകയും ചെയ്തു.
പ്രധാനമന്ത്രിയുടെ വരവ് പ്രതീക്ഷിച്ച് വാഷിംഗ്ടൺ വിമാനത്താവളത്തിനു പുറത്തു നൂറുകണക്കിന് ഇന്ത്യക്കാരാണു കാത്തുനിന്നത്. പിന്നീട് യുഎസിലെ ഇന്ത്യൻ സമൂഹവുമായി മോദി കൂട്ടിക്കാഴ്ച നടത്തുകയും ചെയ്തു.
“ സ്നേഹോഷ്മള വരവേൽപ്പിന് ഇന്ത്യൻ സമൂഹത്തിനു നന്ദിപറയുന്നു. നമ്മുടെ സമൂഹമാണു നമ്മുടെ ശക്തി” എന്നാണ് ഇന്ത്യൻ സിഈഒ മാരുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രത്തിനൊപ്പം മോദി ട്വീറ്റ് ചെയ്തത്. 2014 ൽ അധികാരത്തിലെത്തിയശേഷം ഇത് ഏഴാം തവണയാണു പ്രധാനമന്ത്രി യുഎസിലെത്തുന്നത്.
മുന്പ് ഇന്ത്യൻ സമൂഹവുമായി വലിയ വേദികളിലായിരുന്നു കൂടിക്കാഴ്ചയെങ്കിൽ ഇത്തവണ കോവിഡ് നിയന്ത്രണംമൂലം തിരക്ക് പരിമിതമായിരുന്നു.
തിരക്കിട്ട പരിപാടികളാണ് ഇന്ത്യൻ പ്രധാനമന്ത്രിക്ക് അമേരിക്കയിലുള്ളത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, വൈസ്പ്രസിഡന്റ് കമല ഹാരിസ് എന്നിവർക്കുപുറമേ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിതെ സുഗ എന്നിവരുമായി അദ്ദേഹം ചർച്ച നടത്തും.
മോദിയെ വരവേറ്റ് യുഎസിലെ ഇന്ത്യൻ സമൂഹം
12:23 AM Sep 24, 2021 | Deepika.com