ന്യൂഡൽഹി: വാഹനനിർമാണ മേഖലയിൽ ഉത്പാദനം മെച്ചപ്പെടുത്തുന്നതിനുള്ള പ്രോത്സാഹനപദ്ധതിക്ക് അനുമതി നൽകി കേന്ദ്രസർക്കാർ. ഇലക്ട്രിക്, ഹൈഡ്രജൻ വാഹനങ്ങളുടെ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിന് 26,000 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം നൽകിയത്.
ഓട്ടോമൊബൈൽ വ്യവസായത്തിനും ഡ്രോണ്‍ വ്യവസായത്തിനുമായി 26,058 കോടി രൂപയുടെ ബജറ്റ് വിഹിതമുള്ള പിഎൽഐ പദ്ധതിക്കാണ് ഇന്നലെ അംഗീകാരം നൽകിയത്.
ഉയർന്ന മൂല്യമുള്ള നൂതന ഓട്ടോമോട്ടീവ് സാങ്കേതികവിദ്യ വാഹനങ്ങളെയും ഉത്പന്നങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതാണ് ഓട്ടോമേഖലയ്ക്കുള്ള പദ്ധതി. നേരത്തേ മൊത്തം 13 മേഖലകൾക്കായി 2021-22ലെ കേന്ദ്രബജറ്റിൽ നടത്തിയ 1.97 ലക്ഷം കോടി രൂപയുടെ പിഎൽഐ പദ്ധതി പ്രഖ്യാപനത്തിന്റെ ഭാഗമാണ് ഓട്ടോമൊബൈൽ ഇൻഡസ്ട്രി, ഡ്രോണ്‍ ഇൻഡസ്ട്രി എന്നിവയ്ക്കായുള്ള പിഎൽഐ പദ്ധതി.
അഞ്ചു വർഷത്തിനുള്ളിൽ 42,500 കോടിയിലധികം രൂപയുടെ പുതിയ നിക്ഷേപത്തിനും 2.3 ലക്ഷം കോടിയിലധികം രൂപയുടെ ഉത്പാദന വർധനയ്ക്കും 7.5 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലേക്കും നയിക്കുമെന്നു കണക്കാക്കപ്പെടുന്നു.
വാഹനനിർമാണം: പ്രോത്സാഹനപദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി
01:10 AM Sep 16, 2021 | Deepika.com