കൊച്ചി: രാജഗിരി ആശുപത്രിയോടനുബന്ധിച്ചുള്ള രാജഗിരി കാന്‍സര്‍ സെന്ററിന്റെ ഉദ്ഘാടനം നാളെ. കാന്‍സര്‍ ചികിത്സയില്‍ വിദേശരാജ്യങ്ങള്‍ കൈവരിച്ച നേട്ടങ്ങളോടു കിടപിടിക്കുന്ന സൗകര്യങ്ങളോടെയാണു സെന്റര്‍ പ്രവർത്തനമാരംഭിക്കുന്നത്.
ഉദ്ഘാടനം രാവിലെ 11.30നു മന്ത്രി പി. രാജീവ് നിർവഹിക്കും. അന്‍വര്‍ സാദത്ത് എംഎല്‍എ, ബാങ്ക് ഓഫ് മഹാരാഷ്ട്ര മാനേജിംഗ് ഡയറക്ടര്‍ എ.എസ്. രാജീവ്, സിഎംഐ സേക്രഡ് ഹാര്‍ട്ട് പ്രൊവിന്‍ഷ്യല്‍ ഫാ. ബെന്നി നല്ക്കര, എടത്തല പഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോന്, രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്സണ് വാഴപ്പിള്ളി എന്നിവര്‍ പങ്കെടുക്കും.
ചികിത്സാ സമയം ഗണ്യമായി കുറയ്ക്കുന്ന നൂതനവും വേഗമേറിയതും കൃത്യത പാലിക്കുന്നതുമായ അത്യാധുനിക കാന്‍സര്‍ ചികിത്സാ സാങ്കേതിക വിദ്യകള്‍ പ്രഗത്ഭരായ കാന്‍സര്‍ ചികിത്സാ വിദഗ്ധരുടെ നേതൃത്വത്തില്‍ സജ്ജീകരിച്ചാണ് സമ്പൂര്‍ണ കാന്‍സര്‍ ചികിത്സാ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. കാന്‍സര്‍ മുന്‍കൂട്ടി കണ്ടെത്താനും ചികിത്സിക്കാനും സാധിക്കുന്ന രീതിയില്‍ രൂപകല്പന ചെയ്തിരിക്കുന്ന കാന്‍സര്‍ സെന്ററില്‍ പ്രധാന കാന്‍സര്‍ ചികിത്സാ വിഭാഗങ്ങളായ മെഡിക്കല്‍ സര്‍ജിക്കല്‍, റേഡിയേഷന് ഓങ്കോളജി വിഭാഗങ്ങളുണ്ട്. ഗുരുതരമായ രക്താര്‍ബുദം ചികിത്സിച്ച് സുഖപ്പെടുത്തുന്ന ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ്, ക്ലിനിക്കല്‍ ഹെമറ്റോളജി, ഹെമറ്റോ ഓങ്കോളജി, ട്രാന്സ്ഫ്യൂഷന് മെഡിസിന് എന്നീ വിഭാഗങ്ങളുടെ സേവനങ്ങളും ലഭ്യമാണ്.
കാന്‍സര്‍ റേഡിയേഷന് ചികിത്സാരംഗത്ത് കൂടുതല്‍ ഫലപ്രദമായ ഏറ്റവും നൂതന സംവിധാനമായ ട്രൂബീം ലീനിയര്‍ ആക്സിലറേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നതിനാൽ രോഗികള്‍ക്ക് കൂടുതല്‍ സുരക്ഷിതവും കൃത്യതയുമുള്ള ചികിത്സ ലഭ്യമാകും. പെറ്റ് സിടി, സ്പെക്ട് സിടി അടങ്ങുന്ന ന്യൂക്ലിയര്‍ മെഡിസിന് വിഭാഗം, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി, ഡിജിറ്റല്‍ മാമോഗ്രാഫി, എംആര്‍ഐ, ഫ്ളൂറോസ്കോപി, എൻഡോബ്രോങ്കയില് അള്‍ട്രാസോണോഗ്രാം ഉള്‍പ്പെടെയുള്ള സമഗ്രമായ റേഡിയോളജി സേവനങ്ങള്‍, ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് യൂണിറ്റ് എന്നിവ രാജഗിരിയില്‍ സജ്ജമാക്കിയിട്ടുണ്ട്. ഇതര വ്യക്തിയുടെ സ്റ്റെംസെല്‍ സ്വീകരിച്ച് ട്രാന്‍സ്പ്ലാന്റ് നടത്തുന്ന അലോജനിക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് സൗകര്യങ്ങളും ഇവിടെയുണ്ടാകും.
ഇരുപത്തിയഞ്ച് കിടക്കകളോടെ സജ്ജീകരിച്ചിരിക്കുന്ന ആധുനിക മെഡിക്കല്‍ ഓങ്കോളജി വിഭാഗത്തില്‍ കീമോതെറാപ്പി, ഹോര്‍മോണ്‍ തെറാപ്പി, ടാര്‍ഗറ്റഡ് തെറാപ്പി, ഇമ്യൂണോ തെറാപ്പി സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ക്ലിനിക്കല്‍ പത്തോളജി, ക്ലിനിക്കല്‍ ബയോകെമിസ്ട്രി, ക്ലിനിക്കല്‍ മൈക്രോബയോളജി, സിറോളജി, ഹിസ്റ്റോ പതോളജി, മോളിക്യൂലാര്‍ ഓങ്കോളജി സൗകര്യങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
കാന്‍സര്‍ രോഗികളുടെ സൗകര്യാര്‍ഥം അവശ്യഘട്ടങ്ങളില്‍ രോഗികളുടെ സഹായത്തിനായി ടെലിമെഡിസിന്‍ സൗകര്യങ്ങളും സാന്ത്വന ചികിത്സ ആവശ്യമായ രോഗികള്‍ക്കായി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് വിഭാഗത്തിന്റെ സേവനവും ഇവിടെ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
രാജഗിരിയില്‍ സമ്പൂര്‍ണ കാന്‍സര്‍ സെന്റർ ഉദ്ഘാടനം നാളെ
10:08 PM Aug 05, 2021 | Deepika.com