വാഷിംഗ്ടൺ ഡിസി: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഇന്ത്യാ സന്ദർശനത്തിൽ മനുഷ്യാവകാശ, ജനാധിപത്യ വിഷയങ്ങൾ ചർച്ചയാകും. സുരക്ഷ, പ്രതിരോധം, തീവ്രവാദവിരുദ്ധ പോരാട്ടം, അഫ്ഗാനിസ്ഥാനിലെ സ്ഥിതിവിശേഷങ്ങൾ, കാലാവസ്ഥാ വ്യതിയാനം മുതലായ വിഷയങ്ങളും ചർച്ച ചെയ്യുമെന്ന് യുഎസിന്റെ ദക്ഷിണ-മധ്യ ഏഷ്യാ കാര്യങ്ങൾക്കുവേണ്ടിയുള്ള ആക്ടിംഗ് അസിസ്റ്റന്റ് സെക്രട്ടറി ഡീൻ തോംസൺ വ്യക്തമാക്കി.
27നാണ് ആന്റണി ബ്ലിങ്കൻ ഡൽഹിയിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി അദ്ദേഹം ചർച്ച നടത്തും. ഇന്ത്യയുമായുള്ള യുഎസിന്റെ ബന്ധം ശക്തമാണെന്നും അതു തുടരുമെന്നും തോംസൺ വ്യക്തമാക്കി.
ചാര സാങ്കേതികവിദ്യയുടെ ദുരുപയോഗം ആശങ്കപ്പെടുത്തുന്നു
വാഷിംഗ്ടൺ ഡിസി: വിമർശകർ, മാധ്യമപ്രവർത്തകർ, സാധാരണ പൗരന്മാർ എന്നിവർക്കെതിരേ ചാര സാങ്കേതികവിദ്യ പ്രയോഗിക്കപ്പെടുന്നത് ഉത്കണ്ഠാജനകമെന്ന് അമേരിക്കയുടെ ദക്ഷിണ-മധ്യ ഏഷ്യാ കാര്യങ്ങൾക്കുവേണ്ടിയുള്ള ആക്ടിംഗ് അസിസ്റ്റന്റ് സെക്രട്ടറി ഡീൻ തോംസൺ. പെഗാസസ് ചാര സോഫ്ട്വേർ ഉപയോഗിച്ച് ഇന്ത്യയിൽ വ്യാപകമായി വിവിധയാളുകളുടെ ഫോണുകൾ ചോർത്തിയതു സംബന്ധിച്ച് തനിക്ക് പ്രത്യേകിച്ച് എന്തെങ്കിലും അറിയില്ലെന്നും അദ്ദേഹം ചോദ്യത്തിനുത്തരമായി പറഞ്ഞു.
ബ്ലിങ്കന്റെ ഇന്ത്യാ സന്ദർശനം: മനുഷ്യാവകാശം ചർച്ചയാകും
12:39 AM Jul 25, 2021 | Deepika.com