കൊച്ചി: ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ ഏഷ്യ, പസഫിക് രാജ്യങ്ങളുടെ സമിതിയില്‍ മലയാളിയായ ബാബു ഏബ്രഹാം കള്ളിവയലില്‍ ഇന്ത്യയുടെ ഏക പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. 24 രാജ്യങ്ങളിലെ 33 പ്രഫഷണല്‍ അക്കൗണ്ടന്‍സി സംഘടനകളുടെ കോണ്‍ഫെഡറേഷന്‍ ഓഫ് ഏഷ്യ ആന്‍ഡ് പസഫിക് അക്കൗണ്ടന്‍സിന്റെ (കാപാ) പബ്ലിക് സെക്ടര്‍ ഫിനാന്‍ഷല്‍ മാനേജിംഗ് കമ്മിറ്റിയിലാണ് ബാബു അംഗമായത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം കൂടിയാണ് ഇദ്ദേഹം.
ഇന്ത്യയില്‍നിന്നു ബാബു കള്ളിവയലിനു പുറമേ യുകെയില്‍നിന്നു മൂന്നു പേരും ന്യൂസിലൻഡ്, പാക്കിസ്ഥാന്, നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ്, മംഗോളിയ എന്നീ രാജ്യങ്ങളില്‍നിന്ന് ഓരോ അംഗവുമാണ് പത്തംഗ സമിതിയിലുള്ളത്. പൊതുമേഖലാ സാമ്പത്തിക മാനേജ്മെന്റ് സംബന്ധമായ നയങ്ങള്‍ രൂപീകരിക്കുകയാണ് കമ്മിറ്റിയുടെ ഉദ്ദേശ്യം.
നാലു വര്‍ഷത്തേക്കാണു നിയമനം. പ്രഫഷണലുകളായ 20 ലക്ഷത്തോളം അക്കൗണ്ടന്റുമാരെ പ്രതിനിധീകരിക്കുന്ന കാപായ്ക്കു ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് അക്കൗണ്ടന്റ്സിന്റെ അംഗീകാരവുമുണ്ട്.
ഐസിഎഐയുടെ പ്രഫഷണല്‍ വികസന കമ്മിറ്റി, കമ്മിറ്റി ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ആൻഡ് പബ്ലിക് സര്‍വീസ് എന്നിവയുടെ നിലവിലെ ചെയര്‍മാനായ ബാബു, സിഎ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ദക്ഷിണമേഖലാ മുന്‍ ചെയര്‍മാനുമാണ്.
എറണാകുളത്തെ പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമായ ബാബു എ. കള്ളിവയലില്‍ ആൻഡ് കമ്പനിയുടെ മാനേജിംഗ് പാര്‍ട്ണറാണ്. പാലാ വിളക്കുമാടം കള്ളിവയലില്‍ പരേതരായ കെ.എ. ഏബ്രഹാമിന്റെയും അമ്മിണിയുടെയും മകനാണ്.
ബാബു കള്ളിവയലില്‍ ഇന്ത്യന്‍ പ്രതിനിധി
10:55 PM Jul 22, 2021 | Deepika.com