കാബൂൾ: താലിബാനും അൽഖ്വയ്ദയ്ക്കുമെതിരേയുള്ള അഫ്ഗാനിസ്ഥാനിലെ യുഎസ് പോരാട്ടത്തിന്റെ ശക്തികേന്ദ്രമായ ബാഗ്രാം എയർഫീൽഡ് അഫ്ഗാൻ സൈന്യത്തിനു യുഎസ് കൈമാറി. 2001 സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിനു തിരിച്ചടി നല്കാന് അഫ്ഗാനിലെത്തിയ യുഎസ് സൈന്യം സ്ഥാപിച്ച ഏറ്റവും വലിയ സൈനിക ക്യാമ്പാണു ബാഗ്രാം എയര്‍ ബേസ്. ക്യാമ്പ് അഫ്ഗാനിസ്ഥാനു കൈമാറിയതായി യുഎസ് സൈനികോദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
ബാഗ്രാം ബേസില്‍നിന്ന് യുഎസ്, സഖ്യ സൈനികര്‍ പിന്‍വാങ്ങിയതായും അഫ്ഗാന് സേന ഭീകര വിരുദ്ധ പ്രവര്‍ത്തനത്തിന് ഈ താവളം ഉപയോഗിക്കുമെന്നും അഫ്ഗാന് വിദേശകാര്യ മന്ത്രാലയം വക്താവ് ട്വിറ്ററിലൂടെ അറിയിച്ചു. അഫ്ഗാനിസ്ഥാനില്‍നിന്നുള്ള സേനാ പിന്മാറ്റത്തിന്റെ അവസാന ഘട്ടത്തിലാണു യുഎസ്.
യുഎസ് നയതന്ത്ര സ്ഥാപനങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി അറുനൂറോളം സൈനികർ കാബൂളിൽ തുടർന്നേക്കും. താലിബാൻ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പൂർണ സൈനിക പിൻമാറ്റം വൈകാൻ സാധ്യതയുണ്ടെന്നും സുരക്ഷാ വിദഗ്ധർ പറഞ്ഞു.
ബാഗ്രാം ബേസിൽനിന്നു യുഎസ് സൈന്യം പിൻവാങ്ങി
01:28 AM Jul 03, 2021 | Deepika.com