യുണൈറ്റഡ് നേഷൻസ്: ആഭ്യന്തര സംഘർഷങ്ങളെ തുടർന്നു മ്യാൻമറിൽനിന്ന് ഇന്ത്യയിലേക്കും തായ്ലൻഡിലേക്കുമായി പലായനം ചെയ്തത് 10,000 അഭയാർഥികൾ. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റെ മ്യാൻമറിലെ പ്രത്യേക പ്രതിനിധി ക്രിസ്റ്റിൻ ഷ്റാനർ ബർജ്നറാണു ജനറൽ അസംബ്ളിയിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
രാജ്യാന്തര നടപടികളുടെ അഭാവത്തിൽ സാധാരണ പൗരൻമാർ ജനകീയ പ്രതിരോധ സേനകൾ രൂപീകരിക്കുകയാണെന്നു ക്രിസ്റ്റിൻ പറഞ്ഞു. ഇവർ സ്വയം നിർമിത ആയുധങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും നിരോധിത സായുധസേനകളിൽനിന്ന് സൈനിക പരിശീലനം നേടുന്നുണ്ടെന്നും പറഞ്ഞ ക്രിസ്റ്റിൻ, പതിറ്റാണ്ടുകളായി ഏറ്റുമുട്ടലുകൾ ഒഴിഞ്ഞുനിന്ന ഇടങ്ങൾ ഇപ്പോൾ പുകയുകയാണെന്നും വ്യക്തമാക്കി.
ആഭ്യന്തര ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തിൽ 1.75 ലക്ഷം ആളുകൾക്കു വീടുവിട്ടുപോകേണ്ടിവന്നു. ഇതിൽ 10,000 പേർ ഇന്ത്യയിലേക്കും തായ്ലൻഡിലേക്കുമായി പലായനം ചെയ്തു. മ്യാൻമറിൽ ആഭ്യന്തര കലാപത്തിനുള്ള സാധ്യത ഏറെയാണെന്നും ക്രിസ്റ്റിൻ ഷ്റാനർ ബർജ്നർ പറഞ്ഞു.
മ്യാൻമറിൽനിന്ന് ഇന്ത്യയിലേക്ക് ഉൾപ്പെടെ പലായനം ചെയ്തത് 10,000 അഭയാർഥികൾ
12:14 AM Jun 22, 2021 | Deepika.com