ജിഘ്വാൻ: ചൈനയുടെ പുതിയ ബഹിരാകാശ കേന്ദ്രത്തിൽ ആദ്യ ബഹിരാകാശ യാത്രികരെത്തി. ബെയ്ജിംഗിനെ പ്രധാന ബഹിരാകാശ ശക്തികളുടെ ഗണത്തിലേക്ക് ഉയർത്തുന്ന മുന്നേറ്റമാണിത്.
വടക്കുപടിഞ്ഞാറൻ ചൈനയിലെ ഗോബി മരുഭൂമിയിലെ ജിഘ്വാൻ ഗവേഷണ കേന്ദ്രത്തിൽനിന്നു ഷെങ്ഷു-12 പേടകത്തിൽ പുറപ്പെട്ട മൂന്നു യാത്രികർ ഏഴു മണിക്കൂറിനുശേഷം ടിയാൻഗോംഗ് സ്റ്റേഷനിലെ ടിയാൻഹെ എന്ന കോർ മൊഡ്യൂളിൽ എത്തി. മൂന്നു മാസം സംഘം അവിടെ ചെലവഴിക്കും. പീപ്പിൾസ് ലിബറേഷൻ ആർമിയിൽ എയർഫോഴ്സ് പൈലറ്റായ നീ ഹെയ്ഷെംഗാണു മിഷൻ കമാൻഡർ. രണ്ടു ബഹിരാാകാശ ദൗത്യങ്ങളിൽ നീ പങ്കാളിയായിട്ടുണ്ട്.
ബഹിരാകാശ വാഹനത്തിൽനിന്നുള്ള തത്സമയ സിസിടിവി ദൃശ്യങ്ങൾ ചൈനീസ് സർക്കാർ മാധ്യമം പുറത്തുവിട്ടിരുന്നു. സഞ്ചാരപദത്തിൽ എത്തിയശേഷം മൂന്നു യാത്രികരും ഹെൽമറ്റ് ഉയർത്തി ചിരിക്കുന്നതും കാമറയെ നോക്കി അഭിവാദ്യം ചെയ്യുന്നതും വ്യക്തമായി കാണാം. യാത്ര പുറപ്പെടുന്നതിനു മുന്പ് യാത്രികർ ജീവനക്കാരെ അഭിവാദ്യം ചെയ്യുന്നതും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയില്ലെങ്കിൽ പുതിയ ചൈന ഉണ്ടാകുമായിരുന്നില്ല’ എന്ന ദേശഭക്തിഗാനം ആലപിക്കുന്നതിന്റെ ദൃശ്യങ്ങളും ഭരണകൂടമാധ്യമം സംപ്രേഷണം ചെയ്തു.
പുതിയ ചൈനീസ് ബഹിരാകാശ കേന്ദ്രത്തിൽ ആളെത്തി
12:56 AM Jun 18, 2021 | Deepika.com