ഫാൾമൗത്ത് (ഇംഗ്ലണ്ട്): ഫാൾമൗത്ത് ദേവാലയത്തിലെ ഞായറാഴ്ച കുർബാനയിൽ പങ്കെടുക്കാനെത്തിയ വിശ്വാസികൾക്ക് ആശ്ചര്യം അടക്കാനായില്ല. അതാ, തങ്ങൾക്കൊപ്പം യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും ഞായറാഴ്ച തിരുക്കർമങ്ങളിൽ സംബന്ധിക്കുന്നു.
തെക്കു പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ കാർബിസ് ബേയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്ന ബൈഡൻ ഞായറാഴ്ച കുർബാനയിൽ സംബന്ധിക്കുന്നതിനായാണ് രാവിലെ സെന്റ് ഐവ്സിലെ സേക്രഡ് ഹാർട്ട് കത്തോലിക്ക ദേവാലയത്തിൽ എത്തിയത്. ഞായറാഴ്ച തിരുക്കർമങ്ങൾ ആരംഭിച്ച് പത്തു മിനിറ്റിനുശേഷം പ്രസിഡന്റ് ബൈഡനും ഭാര്യയും ദേവാലയത്തിൽ എത്തി വിശുദ്ധ കുർബാനയിൽ സംബന്ധിക്കുകയായിരുന്നു.
യുഎസ് പ്രസിഡന്റിനൊപ്പം ഞായറാഴ്ച കുർബാനയിൽ പങ്കെടുത്തതിന്റെ ആശ്ചര്യം മാറിയിട്ടില്ലെന്നും സാധാരണ ഒരു വിശ്വാസിയെപ്പോലെയാണ് ബൈഡൻ ദിവ്യബലിയിൽ സംബന്ധിച്ചതെന്നും പള്ളിയിലെത്തിയ മറ്റൊരു വിശ്വാസി ഗെയിൽ വുഡ് പറഞ്ഞു.
ബൈഡൻ ഫാൾമൗത്ത് ദേവാലയത്തിൽ
12:40 AM Jun 14, 2021 | Deepika.com