വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ജൂൺ 15-ന് വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുമെന്നു വാർത്താ ഏജൻസിയായ സിഎന്‍എ വത്തിക്കാൻ കൂരിയയെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. ബൈഡന്റെ തെരഞ്ഞെടുപ്പിനു ശേഷം ഇരുവരും തമ്മിൽ ടെലിഫോണിൽ സംസാരിക്കുകയുണ്ടായി.
ജോൺ എഫ്. കെന്നഡിക്കു ശേഷം അമേരിക്കൻ പ്രസിഡന്റാകുന്ന കത്തോലിക്കനാണ് ബൈഡൻ. ജൂൺ മധ്യത്തിൽ ജോ ബൈഡൻ യുകെ, ബെൽജിയം, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്നുണ്ട്. ജൂൺ 11-13 തീയതികളിൽ യുകെയിൽ നടക്കുന്ന ജി-7 സമ്മേളനം, ജൂൺ 14-നു നടക്കുന്ന നാറ്റോ ഉച്ചകോടി, ജൂൺ 15-നു നടക്കുന്ന യുഎസ്-യൂറോപ്യൻ യൂണിയൻ സമ്മേളനം എന്നിവയിൽ പങ്കെടുക്കാനാണ് അമേരിക്കൻ പ്രസിഡന്റ് യൂറോപ്പിലെത്തുന്നത്.
യൂറോപ്യൻ യൂണിയനിലെ വിവിധ രാഷ്ട്രത്തലവന്മാരുമായും തുർക്കി പ്രസിഡന്റ് എർദോഗനുമായും ചർച്ച നടത്തുന്നതിനുപുറമേ ജനീവയിൽവച്ച് റഷ്യൻ പ്രസിഡന്റ് പുടിനുമായും ബൈഡൻ കൂടിക്കാഴ്ച നടത്തും.
ജോ ബൈഡൻ 15-ന് മാർപാപ്പയെ കാണും
01:00 AM Jun 07, 2021 | Deepika.com