വാഷിംഗ്ടൺ: ഉഭയകക്ഷിബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ നടത്തിയ ചർച്ചയിൽ ധാരണയായി.
ഉഭയകക്ഷി ബന്ധങ്ങൾ, കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്കൊപ്പം അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ, ഇന്ത്യ-ചൈന അതിർത്തി സാഹചര്യം എന്നിവയും ചർച്ചയിൽ ഇടംപിടിച്ചു. ഇരുകൂട്ടർക്കും ആശങ്കയുള്ള വിഷയങ്ങളിൽ സഹകരിച്ചു പ്രവർത്തിക്കാനും ധാരണയായി.
കഴിഞ്ഞ ജനുവരി 20നു ജോ ബൈഡൻ ഭരണകൂടം അധികാരത്തിലെത്തിയശേഷം യുഎസിലെത്തുന്ന ആദ്യത്തെ ഇന്ത്യൻ കാബിനറ്റ് മന്ത്രിയാണ് ജയശങ്കർ. ഇന്തോ- പസഫിക് മേഖലയും അഫ്ഗാനിസ്ഥാനിലെ പ്രശ്നങ്ങളുമടക്കം നിരവധി വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ഉയർന്നുവന്നുവെന്ന് ചർച്ചയ്ക്കുശേഷം വിദേശകാര്യമന്ത്രി ട്വീറ്റ് ചെയ്തു. നേരത്തേ യുഎസ് വാണിജ്യ പ്രതിനിധി കാതറിൻ തായുമായും ജയശങ്കർ ചർച്ച നടത്തി.
ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തും: യുഎസ് സ്റ്റേറ്റ് സെക്രട്ടറി
12:29 AM May 30, 2021 | Deepika.com