ദോഹ: പേർഷ്യൻ ഗൾഫിൽവച്ച് അപകടകരമായരീതിയിൽ അടുത്തുവന്ന ഇറേനിയൻ റെവലൂഷണറി ഗാർഡ്സ് ബോട്ടുകൾക്കു നേർക്ക് അമേരിക്കൻ യുദ്ധക്കപ്പൽ മുന്നറിയിപ്പു വെടിയുതിർത്തു. തിങ്കളാഴ്ച രാത്രി നടന്ന സംഭവത്തിന്റെ വീഡിയോ യുഎസ് നേവി പുറത്തുവിട്ടു.
അന്താരാഷ്ട്ര സമുദ്രപാതയിലൂടെ പോകുകയായിരുന്ന യുഎസ്എസ് ഫയർബോൾട്ട് യുദ്ധക്കപ്പലിനു നേർക്ക് ഇറേനിയൻ റെവലൂഷണറി ഗാർഡ്സിലെ മൂന്ന് ഫാസ്റ്റ് അറ്റാക്കിംഗ് ബോട്ടുകളാണു വന്നത്. 62 മീറ്റർ അടുത്തുവന്ന ബോട്ടുകൾക്കു റേഡിയോയിലൂടെയും ഉച്ചഭാഷണിയിലൂടെയും മുന്നറിയിപ്പു നല്കി. എന്നിട്ടും പിൻവാങ്ങാതിരുന്ന സാഹചര്യത്തിലാണു മുന്നറിയിപ്പായി വെടിവയ്ക്കേണ്ടിവന്നത്. ഇതിനെത്തുടർന്ന് ബോട്ടുകൾ പിൻവാങ്ങിയെന്ന് യുഎസിന്റെ അഞ്ചാം കപ്പൽപ്പട അറിയിച്ചു.
ഈ മാസം രണ്ടാം തവണയാണ് ഇത്തരം സംഭവം. ഏപ്രിൽ രണ്ടിന് യുഎസ് കോസ്റ്റ്ഗാർഡിന്റെ മോണോമോയ് എന്ന കപ്പലിനു സമീപം ഇറേനിയൻ കപ്പൽ വരുന്നതിന്റെ വീഡിയോ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.
ഇറേനിയൻ ബോട്ടുകൾക്കു മുന്നറിയിപ്പു നല്കി യുഎസ് യുദ്ധക്കപ്പൽ
12:19 AM Apr 29, 2021 | Deepika.com