കോഴിക്കോട്: കോവിഡ് വ്യാപിക്കുമ്പോഴും സാനിറ്റൈസര്‍ വിപണിയില്‍ വ്യാജന്മാര് നിറയുന്നു. ലൈസന്‍സ് പോലുമില്ലാതെ സാനിറ്റൈസര്‍ നിര്‍മിച്ച് വിപണിയില്‍ വില്പ്പനയ്ക്കെത്തിച്ചാണ് ഈ രംഗത്തു മാഫിയ പിടിമുറക്കുന്നത്. കുറഞ്ഞ വിലയില്‍ കൂടുതല്‍ അളവ് നല്‍കിയാണ് വ്യാജന്മാര് വിപണി കീഴടക്കുന്നത്. സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍, കടകള്‍, എടിഎം കൗണ്ടറുകള്‍, പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവിടങ്ങളില്‍ കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോയെന്ന് ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കിയതോടെയാണ് വിപണിയില്‍ വിലക്കുറവ് ഓഫറുമായി വ്യാജന്മാര് വിലസുന്നത്. പേരിനു പോലും ആല്‍ക്കഹോള്‍ അംശം ഇല്ലാത്ത സാനിറ്റൈസര്‍ വരെ വിപണിയിലുണ്ടെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്.
ബ്രേക്ക് ദി ചെയിന്‍ സംവിധാനത്തെ വരെ തകര്‍ക്കും വിധത്തിലാണ് വ്യാജന്മാര് വിപണിയില്‍ വിലസുന്നത്. പലരും സാനിറ്റൈസര്‍ കൈകളിലാക്കുന്നുണ്ടെന്ന ശുഭാപ്തി വിശ്വാസത്തോടെയാണ് പൊതു ഇടങ്ങളില്‍ പെരുമാറുന്നത്. എന്നാല്‍ ഗുണമേന്മയില്ലാത്ത സാനിറ്റൈസറുകള്‍ ഉപയോഗിച്ചാല്‍ വൈറസിനെ തടയാനാവില്ലെന്നുമാത്രമല്ല രോഗബാധിതനായി മാറാനും ഇതുവഴി പലരിലേക്കും രോഗം വ്യാപിക്കാനും സാധ്യതയേറെയാണെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. അഞ്ച് ലിറ്ററിന് മൊത്ത വിപണിയില്‍ 400 രൂപ മുതല്‍ 800 രൂപവരെയാണ് സാനിറ്റൈസറിനു ശരാശരി വില ഈടാക്കുന്നത്.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് ശക്തമായ പരിശോധന നടത്താന്‍ ഡ്രഗ് കണ്ട്രോള് വിഭാഗം തീരുമാനിച്ചിട്ടുണ്ട്. ഇന്നു മുതല്‍ പ്രത്യേകം സ്ക്വാഡുകളായി തിരിഞ്ഞുകൊണ്ടുള്ള പരിശോധനയാണ് നടത്തുക. ഗുണമേന്മയില്ലാത്ത സാനിറ്റൈസര്‍ വില്‍പ്പന നടത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഡ്രഗ് കണ്ട്രോള് വിഭാഗം അറിയിച്ചു. കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്ത് മാത്രം കോഴിക്കോട് സോണിന് കീഴില്‍ ഏഴു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
കോവിഡിന്റെ മറവില്‍ നഗരത്തിലെ കടമുറിക്കുള്ളില്‍ നിര്‍മിച്ച ഒന്നരലക്ഷം രൂപയുടെ വ്യാജ സാനിറ്റൈസറും കോഴിക്കോട് ഡ്രഗ്സ് കണ്ട്രോള് വിഭാഗം പിടികൂടിയിരുന്നു. സാനിറ്റൈസര്‍ ക്ഷാമത്തെ തുടര്‍ന്ന് അന്ന് മൂന്നിരട്ടി വിലയ്ക്കാണ് വ്യാജ സാനിറ്റൈസര്‍ വിപണിയിലെത്തിച്ചിരുന്നത്.
സാനിറ്റൈസര്‍ വിപണിയില്‍ വ്യാജന്മാര് വിലസുന്നു
10:57 PM Apr 27, 2021 | Deepika.com