നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
മുതിർന്ന പൗരന്മാർക്ക് ഇന്ത്യയിൽ ആദായനികുതിനിയമത്തിൽ ആനുകൂല്യങ്ങളുണ്ട്. റെയിൽവേയിലും മറ്റും മുതിർന്ന പൗരന്മാർക്ക് ടിക്കറ്റ് നിരക്കിൽ ഇന്ത്യയിൽ റിബേറ്റ് അനുവദിച്ചിട്ടുണ്ട്. പല വിദേശരാജ്യങ്ങളും മുതിർന്ന പൗരന്മാർക്ക് നിരവധി ആനുകൂല്യങ്ങൾ അനുവദിക്കുന്നു. ഇന്ത്യയിൽ 60 വയസു മുതൽ 80 വയസ് വരെ ഉള്ളവർ സീനിയർ സിറ്റിസണ്‍സ് എന്ന പേരിലും 80 വയസിനു മുകളിൽ ഉള്ളവർ ഗ്രാൻഡ് സീനിയർ സിറ്റിസണ്‍സ് എന്നും സൂപ്പർ സീനിയർ സിറ്റിസണ്‍സ് എന്നും അറിയപ്പെടുന്നു. നടപ്പു ധനകാര്യവർഷത്തിൽ ഒരു ദിവസമെങ്കിലും 60 വയസിൽ കൂടി ഇരുന്നാൽ അദ്ദേഹം മുതിർന്ന പൗരൻ അഥവാ സീനിയർ സിറ്റിസണ്‍ ആയി കണക്കാക്കപ്പെടും. ഉദാഹരണത്തിന് 30-03-1961 ൽ ജനിച്ച വ്യക്തി 2020-21 സാന്പത്തികവർഷത്തിൽ മുതിർന്ന പൗരനായി കണക്കാക്കപ്പെടും.
മുതിർന്ന പൗരന്മാർക്ക് ഉയർന്ന നിരക്കിൽ അടിസ്ഥാന കിഴിവ്
സാധാരണ പൗരന്മാർക്ക് നികുതി ഒഴിവുള്ള അടിസ്ഥാന തുക 2,50,000 രൂപ ആയിരിക്കുന്പോൾ 60 വയസിനു മുകളിലുള്ളതും 80 വയസിൽ താഴെയുള്ളതുമായ മുതിർന്ന പൗരന്മാർക്ക് അടിസ്ഥാന കിഴിവ് 3,00,000 രൂപയാണ്. എന്നാൽ 80 വയസിന് മുകളിലുള്ള സൂപ്പർ സീനിയർ സിറ്റിസണ്‍സിന് അടിസ്ഥാന കിഴിവായി 5,00,000 രൂപയാണ് ആദായനികുതി നിയമത്തിൽ നിഷ്കർഷിച്ചിരിക്കുന്നത്.
പെൻഷന് സ്റ്റാൻഡേർഡ് ഡിഡക്ഷൻ
മുതിർന്ന പൗരന്മാർ പെൻഷന് അർഹതയുള്ളവരാണെങ്കിൽ ആകെ ലഭിക്കുന്ന വാർഷിക പെൻഷനിൽനിന്ന് 50,000 രൂപ വരെ സ്റ്റാൻഡേർഡ് ഡിഡക്ഷനായി ആദായനികുതിനിയമത്തിൽ അനുവദിക്കുന്നുണ്ട്.
പലിശ വരുമാനത്തിന് 50,000 രൂപവരെ കിഴിവ്
മുതിർന്ന പൗരന്മാർക്ക് ബാങ്കിൽനിന്നും പോസ്റ്റ് ഓഫീസിൽ നിന്നും കോ-ഓപ്പറേറ്റീവ് ബാങ്കിൽനിന്നും ഫിക്സഡ് ഡിപ്പോസിറ്റിൽനിന്നും സേവിംഗ്സ് ബാങ്കിൽനിന്നും മറ്റും ലഭിക്കുന്ന പലിശയ്ക്ക് ആദായനികുതി നിയമം 80 റ്റിറ്റിബി അനുസരിച്ച് 50,000രൂപയുടെവരെയുള്ള കിഴിവു ലഭിക്കും. ഇതിനു മുതിർന്ന പൗരന്മാർ റെസിഡന്റ് ആയിരിക്കണമെന്നുള്ള നിബന്ധന മാത്രമേയുള്ളൂ. സാധാരണ പൗരന്മാർക്ക് സേവിംഗ്സ് ബാങ്കിൽനിന്നു ലഭിക്കുന്ന പലിശയ്ക്ക് ഒരു വർഷത്തിൽ 10,000 രൂപയുടെ മാത്രം കിഴിവു ലഭിക്കുന്ന സ്ഥാനത്താണിത്. ആദായനികുതി നിയമം 80 റ്റിറ്റിഎയിൽ ലഭിക്കുന്ന 10,000 രൂപയുടെ ഈ കിഴിവ് നോണ്‍ റെസിഡൻസിനും ബാധകമാണ്.
മുൻകൂർ നികുതി അടവിൽനിന്നു കിഴിവ്
റെസിഡന്റ് ആയിട്ടുള്ള മുതിർന്ന പൗരന്മാർക്ക് ബിസിനസിൽനിന്നും പ്രഫഷനിൽനിന്നും വരുമാനം ഒന്നും ഇല്ലെങ്കിൽ അവർക്ക് മുൻകൂർ നികുതി അടയ്ക്കുന്നതിൽനിന്ന് ഒഴിവ് ഉണ്ട്. സാധാരണ പൗരന്മാർക്ക് 10,000 രൂപയിൽ കൂടുതൽ നികുതി ബാധ്യത വരികയാണെങ്കിൽ മുൻകൂർ ആയി നികുതി അടയ്ക്കണം. അങ്ങനെ വരുന്ന സാഹചര്യത്തിൽ ആദായനികുതി നിയമം 234 ബി,സി എന്നീ വകുപ്പുകൾ അനുസരിച്ചുള്ള പലിശകൾക്ക് മുതിർന്ന പൗരന്മാർ ബാധ്യസ്ഥരല്ല.
ഉയർന്ന നിരക്കിൽ മെഡിക്കൽ ഇൻഷ്വറൻസിന്റെ ആനുകൂല്യം
മുതിർന്ന പൗരന്മാർക്ക് മെഡിക്കൽ ചെലവുകൾ കൂടുതൽ വരുന്നതിനാൽ കൂടിയ തുകയ്ക്കുള്ള ഇൻഷ്വറൻസ് പരിരക്ഷയും ആവശ്യമാണ്. അതിനാലാണ് ആദായനികുതിനിയമത്തിൽ 80 ഡി വകുപ്പനുസരിച്ച് സാധാരണ പൗരന്മാർക്ക് പരമാവധി പ്രീമിയം തുക 25000 രൂപയായിരിക്കുന്പോൾ മുതിർന്ന പൗരന്മാർക്ക് 50,000 രൂപയുടെ പ്രീമിയത്തിന് ആനുകൂല്യം ഉണ്ട്. മാതാപിതാക്കൾക്കുവേണ്ടി എടുക്കുന്ന മെഡിക്കൽ ഇൻഷ്വറൻസിന് അവർ മുതിർന്ന പൗരന്മാർ ആണെങ്കിൽ, സ്വന്തമായി എടുക്കുന്നതു കൂടാതെ, 50,000 രൂപയുടെവരെ ആനുകൂല്യം ഉണ്ട്. നികുതിദായകന് 60 വയസിൽ കൂടുതൽ ഉണ്ടെങ്കിൽ 50,000 രൂപവരെയുള്ള പ്രീമിയം തുകയ്ക്ക് ആദായനികുതിയിൽ, മൊത്തവരുമാനത്തിൽനിന്ന് കിഴിവ് ലഭിക്കുന്നതാണ്.
60 വയസ് കഴിഞ്ഞവർക്ക് ഇൻഷ്വറൻസ് എടുത്തില്ലെങ്കിലും 50,000 രൂപവരെ മെഡിക്കൽ ചെലവുകൾക്ക് മൊത്ത വരുമാനത്തിൽനിന്ന് കിഴിവ് ലഭിക്കുന്നതാണ്. പ്രീമിയം തുക ചെക്കായോ ബാങ്ക് ഡ്രാഫ്റ്റായോ ഇലക്ട്രോണിക് മാർഗത്തിലൂടെയൊ ബാങ്കിൽകൂടിയോ നല്‍കേണ്ടതാണ്.
ചില പ്രത്യേക രോഗങ്ങളുടെ ചികിത്സയ്ക്ക്
കാൻസർ പോലുള്ള ഗൗരവതരമായ രോഗങ്ങളുടെ ചികിത്സയ്ക്ക് ആദായനികുതി നിയമത്തിൽ സാധാരണ പൗരന്മാർക്ക് 40,000 രൂപയുടെവരെയുള്ള ചെലവിന് കിഴിവ് അനുവദിക്കുന്പോൾ മുതിർന്ന പൗരന്മാർക്ക് ഇത് ഒരു ലക്ഷം രൂപ വരെയാണ്.
സൂപ്പർ സീനിയർ സിറ്റിസണ്‍സിന് ആദായനികുതി റിട്ടേണുകൾ പേപ്പർ ഫോമിലും
80 വയസ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് ആദായനികുതി റിട്ടേണുകൾ പേപ്പർ ഫോമിൽ ഫയൽ ചെയ്യാൻ സാധിക്കുന്നതാണ്. അല്ലാത്തവർക്ക് ഇത് ഇലക്ട്രോണിക് മാർഗത്തിലൂടെ മാത്രം സാധ്യമാവുന്പോഴാണു മുതിർന്ന പൗരന്മാർക്ക് ഈ ആനുകൂല്യം.
75 വയസ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽനിന്ന് ഇളവ്
75 വയസ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് നിബന്ധനകൾക്ക് വിധേയമായി ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ നിന്ന് ഇളവ് 2021ലെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
അതനുസരിച്ച് നിർദേശിക്കപ്പെട്ടിട്ടുള്ള ബാങ്കിലൂടെ മാത്രം പെൻഷനും പലിശ വരുമാനവും ലഭിക്കുന്ന റെസിഡന്റ് ആയിട്ടുള്ളവരും 75 വയസ് കഴിഞ്ഞവരുമായ മുതിർന്ന പൗരന്മാർക്ക് ബാങ്കിൽ ഒരു ഡിക്ലറേഷൻ സമർപ്പിച്ചാൽ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽനിന്ന് ഇളവ് ലഭിക്കുന്നതാണ്.
മുതിർന്ന പൗരന്മാർക്ക് ആദായനികുതിനിയമത്തിൽ ആനുകൂല്യങ്ങൾ
11:55 PM Apr 18, 2021 | Deepika.com