ന്യൂയോർക്ക്: നാസയുടെ ചൊവ്വാ ദൗത്യത്തിന്റെ ഭാഗമായ ഇൻജെന്യുറ്റി ഹെലിക്കോപ്റ്റർ ഇന്നു പരീക്ഷണപ്പറക്കൽ നടത്തും. അമേരിക്കൻ സമയം രാവിലെ 3.30 ന് (ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് ഒന്ന്) പറക്കൽ നടക്കുമെന്നു നാസ അറിയിച്ചു. ചൊവ്വയിൽനിന്നുള്ള സന്ദേശം മണിക്കൂറുകൾ വൈകി ലഭിക്കുന്നതിനാൽ പറക്കലിന്റെ സംപ്രേഷണം പുലർച്ചെ 6.15 ന് ആരംഭിക്കുമെന്നും നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി അറിയിച്ചിട്ടുണ്ട്.
പെര്‍സീവിയറന്‍സ് റോവറില്നിന്നു ചൊവ്വായുടെ പ്രതലത്തിൽ ഇറങ്ങിയ ഇന്ജെന്യുറ്റിയുടെ പരീക്ഷണപ്പറക്കല്‍ ഏപ്രിൽ 11ന് നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. റോട്ടറിൽ തകരാറുകൾ കണ്ടെത്തിയതിനെത്തുടർന്ന് പറക്കൽ മറ്റിവച്ചു. 30 സെക്കൻഡ് മുകളിലോട്ട് പറന്ന് പെർസീവിയറൻസ് റോവറിന്റെ ചിത്രമെടുക്കുകയാണ് ലക്ഷ്യം.
ഫെബ്രുവരി 18നാണ് ചൊവ്വായില്‍ പെര്‍സീവിയറന്‍സ് റോവര്‍ ഇറങ്ങിയത്. പറക്കൽ വിജയിച്ചാൽ മറ്റൊരു ഗ്രഹത്തില്‍ ഹെലികോപ്റ്റര്‍ പറത്തുന്ന ദൗത്യത്തിൽ നാസ വിജയിക്കും.
ഇൻജെന്യുറ്റി പരീക്ഷണപ്പറക്കൽ ഇന്ന് നടക്കും
11:54 PM Apr 18, 2021 | Deepika.com