ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കോവിഡ് മഹാമാരിയില്‍ മരണമടഞ്ഞവരുടെ എണ്ണം 30 ലക്ഷം കടന്നു. രോഗവ്യാപനതീവ്രത കുറയ്ക്കാനായി രാജ്യങ്ങളെല്ലാം വാക്സിന് വിതരണം ഊര്‍ജിതമാക്കിയെങ്കിലും കൊറോണ വൈറസിന്റെ രണ്ടാം തരംഗം ശക്തമായി ആഞ്ഞടിച്ചു. രോഗബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായി. രോഗം പിടിപെടുന്നതിനൊപ്പം 2021ല്‍ മരണ സംഖ്യയിലും വര്‍ധനയുണ്ടായി.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 28 വരെ പത്ത് ലക്ഷത്തില്‍ താഴെ ആയിരുന്നു മരണം. 2021 ഫെബ്രുവരി 21ല്‍ മരണം 20 ലക്ഷമായി. എന്നാല്‍ അടുത്ത പത്തു ലക്ഷം പേര് മരിച്ചത് വെറും രണ്ടു മാസത്തിനുള്ളിലാണ്.
അമേരിക്ക, ബ്രസീല്‍, മെക്സിക്കോ എന്നിവിടങ്ങളിലായിരുന്നു ആദ്യം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം കൂടുതല്‍. പിന്നീട് ഇന്ത്യയിലും മരണനിരക്ക് ഉയരാന്‍ തുടങ്ങി. ഇന്ത്യയില്‍ കഴിഞ്ഞ ആഴ്ചകളില്‍ ദിനംപ്രതി മരിക്കുന്നവരുടെ എണ്ണം ഉയര്‍ന്നു.
കോവിഡ് രോഗവ്യാപനം കുറയുന്നതിന്റെ ലക്ഷണമൊന്നുമില്ല. രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ആഗോളതലത്തില്‍ വെള്ളിയാഴ്ച മാത്രം 8,29,596 പേര്‍ക്കാണ് രോഗം പിടിപെട്ടത്. ഇതുവരെയുള്ള കണക്കില്‍ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. കഴിഞ്ഞയാഴ്ച ദിനംപ്രതി ശരാശരി 7,31,000 കോവിഡ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ആഴ്ചകളില്‍ ലോകത്താകെയായി 12,000ലേറെപ്പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്.
രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിലും മരിച്ചവരുടെ എണ്ണത്തിലും അമേരിക്കയാണ് മുന്നില്‍.
കോവിഡ് മരണം 30 ലക്ഷം കടന്നു
12:42 AM Apr 18, 2021 | Deepika.com