ല ണ്ടൻ: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭർത്താവും എഡിൻബർഗ് ഡ്യൂക്കുമായ ഫിലിപ്പ് രാജകുമാരൻ (99) അന്തരിച്ചു. വിൻസർ കാസിലിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യമെന്നു ബക്കിംഗ്ഹാം പാലസ് വൃത്തങ്ങൾ അറിയിച്ചു.
അണുബാധയെത്തുടർന്ന് ഫിലിപ്പ് രാജകുമാരൻ ഈയിടെ 28 ദിവസം ആശുപത്രിയിൽ കഴിഞ്ഞിരുന്നു. ഹൃദയധമനികളിലെ തടസം അടക്കം നിരവധി രോഗങ്ങൾക്ക് ഇദ്ദേഹം മുന്പ് ചികിത്സ തേടിയിരുന്നു.
1921 ജൂൺ പത്തിന് ഗ്രീക്ക്-ഡാനിഷ് രാജകുടുംബത്തിൽ ജനിച്ച ഫിലിപ്പ് ബ്രിട്ടീഷ് നാവികസേനാംഗമായിരുന്നു. രണ്ടുമാസംകൂടി കഴിഞ്ഞാൽ നൂറു വയസ് പൂർത്തിയാകുമായിരുന്നു.
1947 നവംബർ 20നായിരുന്നു ഫിലിപ്പ് രാജകുമാരനും എലിസബത്ത് രാജ്ഞിയും വിവാഹിതരായത്. 2017ൽ ഫിലിപ്പ് രാജകുമാരൻ പൊതുജീവിതത്തിൽനിന്നു വിരമിച്ചു.
ഗ്രീക്ക് ദ്വീപായ കോർഫുവിലായിരുന്നു ഫിലിപ്പിന്റെ ജനനം. ഗ്രീസിലെ രാജാവിന്റെ ഇളയ സഹോദരനായ പ്രിൻസ് രാജകുമാരന്റെയും ബാട്ടെൻബർഗ് രാജകുമാരി ആലീസിന്റെയും ഏക മകനായിരുന്നു ഫിലിപ്പ്. 1922ൽ കുടുംബം ഫ്രാൻസിലെത്തി. 1928ൽ ഫിലിപ്പ് ഇംഗ്ലണ്ടിലെത്തി. 1939ൽ റോയൽ നേവിയിൽ അംഗമായി. രണ്ടാം ലോക മഹായുദ്ധത്തിൽ നാവികസേനാംഗമായി പ്രവർത്തിച്ചു. 1947ൽ എലിസബത്ത് രാജകുമാരിയെ വിവാഹം ചെയ്തു. വെസ്റ്റ്മിൻസ്റ്റർ ആബിയിലായിരുന്നു വിവാഹം. അന്നുമുതൽ ഫിലിപ്പ് ഡ്യൂക്ക് ഓഫ് എഡിൻബർഗ് എന്ന പദവിയിലെത്തി.
1952ൽ ജോർജ് ആറാമൻ രാജാവ് അന്തരിച്ചതോടെ രാജ്ഞിയായി എലിസബത്ത് അവരോ ധിതയായി. അന്നുമുതൽ അവരുടെ ഔദ്യോഗികപരിപാടികളിൽ ഫിലിപ്പ് പങ്കെടുക്കുകയും വിദേശയാത്രകളിൽ അനുഗമിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുൾപ്പെടെ നൂറ്റന്പതോളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
ചാൾസ്, ആൻ, ആൻഡ്രു, എഡ്വേർഡ് എന്നിവരാണ് ദന്പതികളുടെ മക്കൾ.
ഫിലിപ്പ് രാജകുമാരൻ അന്തരിച്ചു
01:30 AM Apr 10, 2021 | Deepika.com