ചെങ്ങന്നൂർ: ലോകപ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ. കെ.എം. ചെറിയാന്റെ നേതൃത്വത്തിൽ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധർ ഒരു ദിവസം അഞ്ച് ഹൃദയ ശസ്ത്രക്രിയകൾ നടത്തി ചെങ്ങന്നൂർ കല്ലിശേരിയിലെ ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ഹൃദയ ശസ്ത്രക്രിയാ വിഭാഗം ആരംഭിച്ചു.
ശസ്ത്രക്രിയകൾക്ക് ഡോ. സുനിൽ അഗർവാൾ, ഡോ. ഗീവർഗീസ് കെ. മാത്യു, ഡോ. അരുൺ സിംഗ്, ഡോ. അയ്യപ്പദാസ്, ഡോ. രാഖി കെ.ആർ., ഡോ. നിഖിൽ ജോർജ് എന്നിവരുടെ സഹകരണവും ഉണ്ടായിരുന്നു. ഹൃദ്രോഗ ചികിത്സയിലും മറ്റും ഏറെ പ്രയോജനം നൽകുന്ന നൂതനസംവിധാനമായ 3 ഡി പ്രിന്റിംഗ് പദ്ധതി ഇവിടെ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് ഡോ. കെ.എം. ചെറിയാൻ അറിയിച്ചു.
3 ഡി പ്രിന്റിംഗ് സാങ്കേതികവിദ്യക്ക് വാണിജ്യ മേഖലയിൽ എന്നപോലെ വൈദ്യശാസ്ത്ര രംഗത്തും അനന്തസാധ്യതകളാണുള്ളത്. ഇതുവഴി ഓരോ രോഗാവസ്ഥയ്ക്കും അനുയോജ്യമായ കൃത്രിമ അവയവഭാഗങ്ങൾ നിർമിക്കുന്നതിനും രോഗഗ്രസ്തമായ ശരീരത്തിന് അനുയോജ്യമായ ചികിത്സ നൽകുന്നതിനും സാധിക്കും.
ലോലവും മൃദുലവുമായ ഭാഗങ്ങളിലെ ശസ്ത്രക്രിയകൾ വിജയകരമായി നടത്തുന്നതിന് ഈ ടെക്നോളജി ഫലപ്രദമാണ്. ഹൃദ്രോഗ വിഭാഗത്തോടൊപ്പം ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, ഗ്യാസ്ട്രോ എൻറോളജി, നെഫ്രോളജി, റേഡിയോളജി തുടങ്ങിയ ചികിത്സാ വിഭാഗങ്ങൾകൂടി ആരംഭിച്ചതായി മാനേജിംഗ് ഡയറക്ടർ ഫാ. അലക്സാണ്ടർ കൂടാരത്തിൽ, മെഡിക്കൽ സൂപ്രണ്ട് ഡോ. നവീൻ പിള്ള എന്നിവർ അറിയിച്ചു.
ഒരു ദിവസം ആഞ്ചു ഹൃദയ ശസ്ത്രക്രിയകൾ നടത്തി കല്ലിശേരി കാർഡിയോളജി സെന്റർ പ്രവർത്തനം ആരംഭിച്ചു
11:42 PM Mar 31, 2021 | Deepika.com