ദമാസ്കസ്: സിറിയൻ പ്രസിഡന്റ് ബാഷർ അസദിനും ഭാര്യക്കും കോവിഡ്. അസുഖത്തിന്റെ നേരിയ ലക്ഷണങ്ങൾ മാത്രമാണ് ഇരുവരും പ്രകടമാക്കുന്നതെന്നും പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.
അന്പത്തിയഞ്ചുകാരനായ അസദും ഭാര്യ അസ്മയും മൂന്നാഴ്ചയോളം വീട്ടിൽ തുടർന്നശേഷം ചുമതലയിൽ തിരിച്ചെത്തും. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും ഓഫീസിൽ നിന്നുള്ള അറിയിപ്പിൽ പറയുന്നു.
പത്തു വർഷമായി തുടരുന്ന ആഭ്യന്തരയുദ്ധത്തിൽ നട്ടംതിരിയുന്ന സിറിയയിൽ സർക്കാർ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ 16,000 പേർക്ക് രോഗംബാധിച്ചതായും 1,063 പേർ മരിച്ചതായുമാണു കണക്കുകൾ.
എന്നാൽ പരിശോധനാസംവിധാനങ്ങളുടെ അപര്യാപ്തത മൂലം അസുഖബാധിതരുടെ എണ്ണം ഇതിലും ഏറെയായിരിക്കുമെന്നാണു കരുതുന്നത്. പ്രതിരോധ കുത്തിവയ്പ് കഴിഞ്ഞയാഴ്ച തുടങ്ങിയെന്നു സർക്കാർ പറയുന്നുവെങ്കിലും വിശദാംശങ്ങൾ ലഭിച്ചിട്ടില്ല.
സൗഹൃദരാഷ്ട്രത്തിൽ നിന്ന് വാക്സിൻ ലഭിച്ചതായാണു പറയുന്നതെങ്കിലും എവിടെനിന്നാണെന്നും വെളിപ്പെടുത്തിയിട്ടില്ല.
സിറിയൻ പ്രസിഡന്റ് അസദിനും ഭാര്യക്കും കോവിഡ്
01:30 AM Mar 09, 2021 | Deepika.com