ഇസ്ലാമാബാദ്: പാക്കിസ്ഥാൻ സെനറ്റ് തെരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്ക് അട്ടിമറി വിജയം. പാക്കിസ്ഥാൻ ധനമന്ത്രി അബ്ദുൾ ഹഫീസ് ഷേക്കിനെയാണു ഗിലാനി പരാജയപ്പെടുത്തിയത്. ഷേക്കിന്റെ പരാജയം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനു തിരിച്ചടിയായി. ഷേക്കിനുവേണ്ടി ഇമ്രാൻ പ്രചാരണം നടത്തിയിരുന്നു.
സെനറ്ററാകാൻ 172 പേരുടെ പിന്തുണയാണു വേണ്ടത്. 182 പേരുടെ പിന്തുണയുണ്ടെന്നായിരുന്നു ഭരണകക്ഷിയായ പാക്കിസ്ഥാൻ തെഹ്റീക്-ഐ- ഇൻസാഫ്(പിടിഐ) പാർട്ടിയുടെ അവകാശവാദം. യൂസഫ് റാസ ഗിലാനിക്ക് 169 വോട്ടും ഷേക്കിന് 164 വോട്ടും ലഭിച്ചു. ആകെ 340 വോട്ടാണു പോൾ ചെയ്തത്. ഏഴു വോട്ടുകൾ അസാധുവായി. 11 പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ പാക്കിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്മെന്റ്(പിഡിഎം) ഗിലാനിയെ പിന്തുണച്ചിരുന്നു. 2008-2012 കാലത്ത് ഗിലാനി പ്രധാനമന്ത്രിയായിരുന്നപ്പോൾ അബ്ദുൾ ഹഫീസ് ഷേക്ക് മന്ത്രിയായിരുന്നു. 104 അംഗങ്ങളാണു പാക്കിസ്ഥാൻ സെനറ്റിലുള്ളത്.
പാക്കിസ്ഥാൻ സെനറ്റ് തെരഞ്ഞെടുപ്പ്: മുൻ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്കു വിജയം
01:03 AM Mar 04, 2021 | Deepika.com