ലോസ്ആഞ്ചലസ്: ക്ലോവ് ഷാവോയുടെ നോമഡ്ലാൻഡും സച്ചാ ബാരോൺ കൊഹെന്റെ ആക്ഷേപഹാസ്യചിത്രം ബൊരാത് 2 ഉം ഈ വർഷത്തെ ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ തിളങ്ങി. കോവിഡ്-19 മഹാമാരിയെത്തുടർന്ന് ഇത്തവണ പുരസ്കാര പ്രഖ്യാപനച്ചടങ്ങ് വെർച്വലായാണു നടത്തിയത്.
അകാലത്തിൽ മരിച്ച ചാഡ്വിക് ബോസ്മാനു മരണാനന്തര ബഹുമതിയായി മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. ബ്ലാക്ക് ബോട്ടം എന്ന ചിത്രത്തിലെ അഭിനയത്തിനാണു പുരസ്കാരം. നോമഡ്ലാൻഡിലെ സംവിധാനമികവിലൂടെ ഷാവോ മികച്ച സംവിധായികയായി. ഗോൾഡൻ ഗ്ലോബ് ചരിത്രത്തിൽ മികച്ച സംവിധായികയ്ക്കുള്ള പുരസ്കാരം നേടുന്ന രണ്ടാമത്തെ വനിതയും ആദ്യ ഏഷ്യക്കാരിയുമാണ് ചൈനീസ്-അമേരിക്കൻ വംശജയായ ഷാവോ.
ബ്ലാക്ക് പാന്തർ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ചാഡ്വിക് അർബുദരോഗത്തോടു പടവെട്ടിയാണ് നാല്പത്തിമൂന്നാം വയസിൽ അന്തരിച്ചത്. ചാഡ്വിക്കിനു വേണ്ടി പുരസ്കാരം ഭാര്യ സിമോൺ ലീവാർഡ് സ്വീകരിച്ചു. മാ റെയ്നിയാണു ബ്ലാക്ക് ബോട്ടം സംവിധാനം ചെയ്തത്. ദി യുണൈറ്റഡ് സ്റ്റേറ്റ് വേഴ്സസ് ബില്ലി ഹോളിഡേ എന്ന ചിത്രത്തിൽ ബില്ലി ഹോളിഡേ എന്ന ഗായികയുടെ വേഷം പകർന്ന ആൻഡ്ര ഡേ ഡ്രാമ വിഭാഗത്തിൽ മികച്ച നടിയായി.
മ്യൂസിക്കൽ-കോമഡി വിഭാഗത്തിൽ ബൊരാതിലെ അഭിനയത്തിലൂടെ സംവിധായകൻ സച്ചാ ബാരോൺ കോഹെൻ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ഐ കെയർ എ ലോട്ടിലൂടെ റോസാമണ്ട് പീക്ക് മികച്ച നടിയായി. യൂദാസ് ആൻഡ് ബ്ലാക്ക് മിശിഹായിലെ ഡാനിയേൽ കല്ലുവയാണ് സഹനടൻ. ദ മൗറീഷ്യൻസിലെ ജോർഡി ഫോസ്റ്ററാണു മികച്ച സഹനടി. ദ ട്രയൽ ഓഫ് ദ ഷിക്കാഗോ 7ന് തിരക്കഥ ഒരുക്കിയ ആരോൺ സോർകിൻ മികച്ച തിരക്കഥാകൃത്തായി. സിഡ്നി നിർമിച്ച സോൾ ആണു മികച്ച അനിമേഷൻ ചിത്രം. മിനാരി ( സംവിധാനം: ലീ ഐസക്ക് ചംഗ്) ആണ് മികച്ച വിദേശഭാഷാ ചിത്രം. ലോ സീ (ദ ലൈഫ് എഹെഡ്-ഇറ്റലി) മികച്ച ഗാനം. നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്ത ദ ക്രൗൺ ആണ് മികച്ച പരന്പര.
ഗോൾഡൻ ഗ്ലോബ്: ചാഡ്വിക് മികച്ച നടൻ
10:08 PM Mar 01, 2021 | Deepika.com