വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ സ്ഥിരതാമസത്തിനും തൊഴിലെടുക്കുന്നതിനും അവകാശം നല്കുന്ന ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നതിൽനിന്ന് ഒരു വിഭാഗം കുടിയേറ്റക്കാരെ വിലക്കിയ മുൻ പ്രസിഡന്റ് ട്രംപിന്റെ ഉത്തരവ് പ്രസിഡന്റ് ജോ ബൈഡൻ റദ്ദാക്കി. ഇതോടെ ഗ്രീൻ കാർഡിന് അപേക്ഷ നല്കുന്നതിന് ഒരുവിധ വിലക്കുമില്ലാതായി.
കോവിഡ് മൂലം അമേരിക്ക നേരിടുന്ന തൊഴിൽ നഷ്ടം പരിഹരിക്കാനെന്ന പേരിലാണ് ട്രംപ് കഴിഞ്ഞവർഷം ഗ്രീൻ കാർഡ് അനുവദിക്കൽ നിർത്തിവച്ചത്. എന്നാൽ ഈ നടപടി അമേരിക്കയുടെ ബിസിനസ് താത്പര്യങ്ങൾക്കു തന്നെ ഹാനികരമായെന്ന് ബൈഡൻ ചൂണ്ടിക്കാട്ടി. അതിനു പുറമേ, കുടുംബാംഗങ്ങൾ ഒത്തുചേരുന്നതിനും തടസമായി.
ട്രംപ് ഏർപ്പെടുത്തിയ നിരോധനം മാർച്ച് 31ന് അവസാനിക്കാനിരിക്കുകയായിരുന്നു.
ട്രംപിന്റെ കുടിയേറ്റവിരുദ്ധ നയങ്ങൾ തിരുത്തുമെന്ന് തെരഞ്ഞെടുപ്പു പ്രചാരണ വേളയിൽ ബൈഡൻ വാഗ്ദാനം ചെയ്തിരുന്നതാണ്. നിരോധനം നീക്കിയത് എച്ച്-1 ബി വീസയിലടക്കം ജോലിക്കു ശ്രമിക്കുന്ന ഇന്ത്യക്കാർക്ക് ഏറെ ഗുണം ചെയ്യും.
അതേസമയം, ചില താത്കാലിക വീസയിൽ അമേരിക്കയിൽ തൊഴിലെടുക്കുന്നതിന് ചിലർക്ക് ട്രംപ് ഏർപ്പെടുത്തിയ മറ്റൊരു നിരോധനം നീക്കാൻ ബൈഡൻ ഇതുവരെ തയാറായിട്ടില്ല.
ഗ്രീൻ കാർഡ് നിരോധനം ബൈഡൻ റദ്ദാക്കി
12:05 AM Feb 26, 2021 | Deepika.com