ആക്ര: ദരിദ്രരാജ്യങ്ങളിൽ കോവിഡ് വാക്സിൻ വിതരണം ഉറപ്പുവരുത്താനുള്ള കോവാക്സ് പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ആറു ലക്ഷം ഡോസുകൾ ഘാനയിലെത്തി. ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച വാക്സിൻ ഡോസുകൾ യൂണിസെഫ് ആണ് ഘാനയുടെ തലസ്ഥാനമായ അക്രയിൽ വിമാനമാർഗം എത്തിച്ചത്.
ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കോവാക്സ് പദ്ധതി ഈ വർഷം ലോകവ്യാപകമായി 200 കോടി കോവിഡ് വാക്സിൻ ഡോസുകൾ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
കോവാക്സിൽ ഒപ്പുവച്ച 92 രാജ്യങ്ങളിലൊന്നാണു ഘാന. മൂന്നു കോടി ജനസംഖ്യ വരുന്ന ഈ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യത്ത് 81,245 പേർക്കു രോഗം പിടിപെടുകയും 584 പേർ മരിക്കുകയും ചെയ്തു. മാർച്ച് രണ്ടിന് വാക്സിനേഷൻ ആരംഭിക്കുമെന്ന് ഘാനയിലെ അധികൃതർ പറഞ്ഞു.
കൊവാക്സിന്റെ ഭാഗമായുള്ള ആദ്യ ബാച്ച് വാക്സിനുകൾ എത്തിക്കാൻ കഴിഞ്ഞ നിമിഷം കോവിഡിനെ തുരത്തുന്നതിൽ നിർണായകമാണെന്ന് യൂണിസെഫും ലോകാരോഗ്യ സംഘടനയും പ്രസ്താവനയിൽ പറഞ്ഞു.
കൊവാക്സ് പദ്ധതി: ആദ്യ ബാച്ച് ഡോസുകൾ ഘാനയിലെത്തിച്ചു
12:46 AM Feb 25, 2021 | Deepika.com